ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അറസ്റ്റില്‍. കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഓഫിസില്‍ നടന്ന വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. എട്ടു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്.
വൈദ്യപരിശോധനയ്ക്ക് ശേഷം ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കുമെന്നാണ് സൂചന. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ലഭിച്ച കോഴപ്പണം സ്വര്‍ണമായി സൂക്ഷിക്കുകയും പിന്നീട് ഡോളറായി കടത്തുകയും ചെയ്തു എന്ന സംശയത്തിലാണ് മൂന്ന് ദിവസമായി ഇ ഡി ശിവശങ്കറെ ചോദ്യം ചെയ്തിരുന്നത്. പണം കൈമാറ്റ ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് നടത്തിയതെന്ന് ഇ ഡി അറിയിച്ചു. അതേസമയം ലൈഫ് മിഷന്‍ കോഴ ഇടപാടുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റാണ് എം ശിവശങ്കറിൻ്റേത്.
ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വിധേയരായ സ്വപ്‌ന സുരേഷ്, സന്ദീപ് എന്നിവരുടെ മൊഴിയും ശിവശങ്കറിന് എതിരായിരുന്നു. കൂടാതെ ശിവശങ്കർ ലൈഫ് മിഷന്‍ കോഴയുടെ പങ്കുപറ്റിയിട്ടുണ്ട് എന്നതിന് കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്‍ഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയി.
സന്തോഷ് ഈപ്പൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്തതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കുന്നതിന് നാല് കോടി 48 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് യൂണിടാക് എം ഡി സന്തോഷ് ഈപ്പൻ നൽകിയ മൊഴി. സ്വപ്ന സുരേഷിനെയും സന്ദീപിനെയും സരിത്തിനെയും നേരത്തെ തന്നെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു.