പാലക്കാട്: സംസ്ഥാനത്തെ സ്കൂളുകളിലേയും വിദ്യാഭ്യാസ വകുപ്പിൻ്റെ പരിപാടികളിലും പാടുന്ന പ്രാർത്ഥനയിൽ ഏകീകരണം നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി. ഇതുസംബന്ധിച്ച ചർച്ച പൊതുസമൂഹത്തിലുണ്ടാവണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത സ്കൂളുകളിലെ പ്രാർത്ഥനയിൽ ഏകീകരണം നടത്തും. എല്ലാ സ്കൂളുകളിലും ഒരേ പോലുള്ള ഗാനം വേണം പ്രാർത്ഥനയ്ക്ക് പാടാൻ. ചില മതസംഘടനകളുടെ സ്ഥാപനങ്ങളിൽ പ്രത്യേക വിഭാഗത്തിൻ്റെ പ്രാർത്ഥനയുണ്ട്. അവിടെ വിദ്യാർത്ഥിയായത് കൊണ്ടു മാത്രം കുട്ടികൾ അതു പാടേണ്ട അവസ്ഥയുണ്ട്. ഈ വിഷയം പൊതുസമൂഹം ചർച്ച ചെയ്യണം. ഭരണഘടന മൂല്യങ്ങളും ശാസ്ത്ര ബോധവും ഉള്ള പാട്ടുകളാണ് വേണ്ടത് – ശാസ്ത്രമേള ഉദ്ഘാടനം ചെയ്തു കൊണ്ട് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
സംസ്ഥാന സ്‌കൂൾ ശാസ്‌ത്രമേളയ്ക്ക് പാലക്കാട് തുടക്കം. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി വി ശിവന്‍കുട്ടി നിർവഹിച്ചു. 14 ജില്ലകളിൽ നിന്നായി പതിനായിരത്തോളം ശാസ്ത്ര പ്രതിഭകളാണ് പങ്കെടുക്കുന്നത്. ശാസ്ത്രം, ഗണിതം, ഐടി, പ്രവൃത്തി പരിചയം, സാമൂഹ്യശാസ്ത്രം, വൊക്കേഷണൽ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. മാനുവൽ പരിഷ്കരിച്ച ശേഷമുള്ള സമ്പൂർണ ശാസ്ത്രമേള ആറ് വേദികളിലായാണ് നടക്കുന്നത്. മന്ത്രിമാരായ വി ശിവൻ കുട്ടി, എംബി രാജേഷ് എന്നിവർക്കൊപ്പം പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലും ചടങ്ങിൽ പങ്കെടുത്തു. രാഹുൽ പരിപാടിയിൽ പങ്കെടുത്തതിൽ പ്രതിഷേധിച്ച് പാലക്കാട് നഗരസഭ കൗൺസിലറും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ മിനി കൃഷ്ണകുമാർ വേദിയിൽ നിന്നും ഇറങ്ങി പോയി. നേരത്തെ രാഹുലിനെ സ്വാഗത സംഘം രൂപീകരണ യോഗത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.






