ആതുരസേവനത്തിനിടയിൽ നിപ്പ ബാധിച്ചു മരണപ്പെട്ട സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് വിവാഹിതനാവാൻ പോകുന്നു. കൊയിലാണ്ടി പന്തലായിനി സ്വദേശിനിയായ പ്രതിഭയാണ് വധു. അധ്യാപികയായ പ്രതിഭയ്ക്ക് പ്ലസ് വൺ വിദ്യാർത്ഥിനിയായ ഒരു മകളുണ്ട്. ഓഗസ്റ്റ് 29 ന് ലോകനാർക്കാവ് ക്ഷേത്രത്തിൽ വച്ചായിരിക്കും വിവാഹം.
കോഴിക്കോടിനെ ആകമാനം പിടിച്ചു കുലുക്കിയ വൈറസ് വ്യാപനമായിരുന്നു നിപ്പയുടേത് . അക്കാലത്ത് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ആയി ജോലി നോക്കുകയായിരുന്നു സിസ്റ്റർ ലിനി. നിപ്പ ബാധിതനായ രോഗിയെ പരിചരിക്കുന്നതിനിടയിൽ ലിനിക്ക് രോഗം പകരുകയായിരുന്നു. രോഗവസ്ഥയറിഞ്ഞ സജീഷ് വിദേശത്ത് നിന്നും നാട്ടിലെത്തിയിരുന്നു. മെയ് 21 നാണ് ലിനി മരണപ്പെടുന്നത്.
ലിനിയുടെ മരണ ശേഷം മക്കളായ ഋതുലിനും സിദ്ധാർഥിനുമൊപ്പം ചെമ്പനോടയിലെ വീട്ടിലാണ് സജീഷ് താമസിച്ചു വരുന്നത്. ലിനിയോടുള്ള ആദരസൂചകമായി സജീഷിന് പന്നിക്കോട്ടൂർ സി എച് സി യിൽ ക്ലർക്ക് ആയി സർക്കാർ ജോലി നൽകിയിരുന്നു.