മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി സെപ്റ്റംബർ ഒൻപതിന് തീർപ്പാക്കും. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. സെപ്റ്റംബർ ഏഴിനകം മറുപടി നൽകാൻ ഉത്തർപ്രദേശ് സർക്കാറിന് സമയം നൽകിയിട്ടുണ്ട്.
2020 ഓക്ടോബർ മുതലാണ് സിദ്ദീഖ് കാപ്പൻ ജയിലിൽ കഴിയുന്നത്. പോപുലർ ഫ്രണ്ടിൽ നിന്ന് 45, 000 രൂപ വാങ്ങി എന്നതാണ് ആകെ കൂടിയുള്ള ആരോപണമെന്ന് കാപ്പന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയെ ബോധിപ്പിച്ചു. പോപ്പുലർ ഫ്രണ്ട് എന്ന സംഘടനയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന പത്രത്തിൽ ജോലി ചെയ്തു എന്ന ബന്ധം മാത്രമേയുള്ളുവെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.
കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും കേസിൽ എട്ടു പ്രതികളുണ്ടെന്നും യു പി സർക്കാരിന്റെ അഭിഭാഷക കോടതിയെ ബോധിപ്പിച്ചു. അതിലൊരാൾ ഡൽഹി കലാപകേസിലും മറ്റൊരാൾ ബുലന്ദ്ശഹർ കലാപകേസിലും പ്രതിയാണെന്നും യു.പി സർക്കാറിന്റെ അഭിഭാഷകയായ ഗരിമ പ്രസാദ് പറഞ്ഞു.
2020 ഓഗസ്റ്റ് അഞ്ചിന് ഉത്തർപ്രദേശിലെ ഹാത്രസിൽ ദളിത് പെൺകുട്ടി ബലാത്സംഘത്തിനിരയായി കൊല്ലപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യാൻ പോകുമ്പോഴായിരുന്നു കാപ്പൻ അറസ്റ്റിലായത്. അതേസമയം കേസിൽ ഉൾപ്പെട്ടിരുന്ന ഡ്രൈവർ മുഹമ്മദ് ആലമിന് അലഹബാദ് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.