കുട്ടിക്കാലം മുതൽ സിദ്ധാർത്ഥിന് ഒരൊറ്റ ആഗ്രഹമേയുള്ളൂ പറക്കണം. ഫൈറ്റർ വിമാനങ്ങളും ഹെലികോപ്റ്ററുകളുമായിരുന്നു കളിക്കോപ്പുകൾ. വലുതാകുമ്പോൾ ആരാകണമെന്ന് ചോദിച്ചാൽ ഇടംവലം നോക്കാതെ പറയും എനിക്ക് പൈലറ്റാകണം. ഒടുവിൽ ഇരുപത്തിരണ്ടാം വയസിൽ തന്‍റെ ഉറക്കം കെടുത്തിയ സ്വപ്നത്തെ കൈയ്യെത്തിപ്പിടിച്ചു ആലപ്പുഴ സ്വദേശി സിദ്ധാർത്ഥ് സുരേഷ്.
കേരളത്തിൽ നിന്ന് 22 ആം വയസിൽ കൊമേഷ്യൽ പൈലറ്റാകുന്ന അപൂർവം ചിലരിൽ ഒരാളാണ് സിദ്ധാർത്ഥ്. ചെറുപ്പം മുതലേ വായനയും പഠനവുമെല്ലാം വിമാനങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു. മകന്‍റെ ആഗ്രഹം തിരിച്ചറിഞ്ഞ മാതാപിതാക്കളും പിന്തുണ നൽകി.
ചെങ്ങന്നൂർ, തിരുവല്ല എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സിദ്ധാർത്ഥ് സുരേഷ് പ്ലസ് ടൂ പൂർത്തിയായ ശേഷം ഏവിയേഷൻ രംഗത്തേക്ക് ചുവടുവച്ചു. ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉരാൻ അക്കാദമിയിലും അമേരിക്കയിലെ സിഎഇ ഏവിയേഷനിലും പ്രവേശനപ്പരീക്ഷയെഴുതി യോഗ്യത നേടി. രണ്ടിടത്തും പ്രവേശനം ലഭിച്ചെങ്കിലും പഠനത്തിനായി അമേരിക്കയിലെ സിഎഇ ഓക്സ്ഫഡ് ഏവിയേഷൻ തെരെഞ്ഞെടുത്തു. സാധാരണഗതിയിൽ ബിരുദപഠനത്തിന് ശേഷമാണ് ഭൂരിഭാഗം വിദ്യാർത്ഥികളും ഏവിയേഷൻ രംഗത്തേക്ക് വരിക. അതുകൊണ്ട് തന്നെ പ്ലസ് ടു കഴിഞ്ഞ് നേരിട്ടെത്തിയ സിദ്ധാത്ഥ് ഏവിയേഷൻ ബാച്ചിലെയും ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിയായിരുന്നു.
ഇരുപതാം വയസ്സിൽ രണ്ട് രാജ്യങ്ങളിൽ പറക്കാനുള്ള കൊമേഴ്സ്യൽ ലൈസൻസ് കരസ്ഥമാക്കിയ സിദ്ധാർഥ് തുടർന്നുള്ള സിമുലേറ്റർ ട്രെയിനിംഗും വിജയകരമായി പൂർത്തിയാക്കി. ഇന്ത്യയിൽ തന്നെ ജോലി ചെയ്യണമെന്ന ആഗ്രഹം മൂലമാണ് സിദ്ധാർത്ഥ് ഇൻഡിഗോ എയർലൈൻസിന്‍റെ ഭാഗമാകാൻ തീരുമാനിച്ചത്. നിലവിൽ ഇൻഡിഗോ എയർലൈനിൽ ജൂനിയർ ഫ്ലൈയിംഗ് ഓഫീസറായ സിദ്ധാർത്ഥ് പരിശീന കാലയളവ് വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ്. കൊമേഷ്യൽ പൈലറ്റായുള്ള സിദ്ധാർത്ഥിന്‍റെ ആദ്യപറക്കൽ ചെന്നൈയിലേക്കാണ്. സ്വപ്നച്ചിറകിലേറി സിദ്ധാർത്ഥ് പറക്കുമ്പോൾ മുതുകുളത്തെ വീട്ടിൽ അച്ഛൻ സുരേഷിനും അമ്മ സോനത്തിനും അഭിമാനത്തിന്‍റെ നിമിഷങ്ങളാണ്. കൃഷ്ണവേണിയാണ് സിദ്ധാർത്ഥിന്‍റെ സഹോദരി