വിമാനത്തിന്റെ കോക്ക്പിറ്റിൽ കയറാൻ ശ്രമിച്ച നടൻ ഷൈൻ ടോം ചാക്കോയെ വൈദ്യ പരിശോധനകൾക്ക് ശേഷം ദുബായ് വിമാനത്താവളത്തിൽ നിന്ന് വിട്ടയച്ചു. നേരത്തെ വിമാനത്തിൽ നിന്ന് എയർലൈൻസ് അധികൃതർ പുറത്താക്കിയ ഷൈൻ ടോം ചാക്കോയെ വൈദ്യ പരിശോധനയും മറ്റ് നടപടിക്രമങ്ങളും പൂർത്തിയാക്കി ബന്ധുക്കൾക്കൊപ്പമാണ് വിട്ടയച്ചത്. ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യയുടെ എ.ഐ 934 ഡ്രീം ലൈനർ വിമാനത്തിലാണ് ഷൈൻ ഉൾപ്പെടെയുള്ളവർ യാത്ര നിശ്ചയിച്ചിരുന്നത്. സംശയാസ്പദമായ പെരുമാറ്റമാണ് ഷൈനിന് വിനയായത്.
സോഹൻ സീനുലാൽ സംവിധാനം ചെയ്‌ത ഭാരത സർക്കസ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ഷൈൻ ദുബായിൽ എത്തിയത്. തിരികെ നാട്ടിലേക്ക് പോകാനായി വിമാനത്തിൽ കയറിയപ്പോഴാണ് കോക്ക്പിറ്റിലേക്ക് കടക്കാൻ ശ്രമിച്ചത്. തുടർന്ന് സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരെ വിമാനത്തിൽ നാട്ടിലേക്ക് അയച്ച ശേഷം ഷൈനിനെ വിമാനത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു. തുടർന്ന് എമിഗ്രേഷൻ വിഭാഗം താരത്തെ പിടിച്ചുവച്ചു. തുടർന്ന് അബദ്ധം പറ്റിയതാണെന്ന ഷൈനിന്‍റെ വിശദീകരണം മുഖവിലയ്ക്കെടുത്ത് എയർ ഇന്ത്യ അധികൃതർ നിയമനടപടികൾ ഒഴിവാക്കിയിട്ടുണ്ട്. എമിഗ്രേഷൻ വിഭാഗത്തിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പുതിയ വിസിറ്റ് വിസയെടുത്താണ് ബന്ധുക്കൾക്കൊപ്പം മടക്കി അയച്ചത്.