മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റ സംഭവത്തില്‍ ജീവന്‍ തിരിച്ചു കിട്ടിയത് വെട്ട് കൈകൊണ്ട് തടുത്തതിനാലാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. കൈയ്യില്‍ വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ ഉണ്ടായിരുന്നു. അത് ഉപയോഗിച്ച് അതിക്രൂരമായിട്ടാണ് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയെ വെട്ടിയും കുത്തിയും കൊലപ്പെടുത്താനുള്ള ശ്രമമുണ്ടായതെന്നും ആര്‍ഷോ എഡിറ്റോറിയലിനോട് പറഞ്ഞു.
ആക്രമണത്തില്‍ കെ.എസ്.യു പ്രവര്‍ത്തകരും ഫ്രറ്റേര്‍ണിറ്റി പ്രവര്‍ത്തകരും ഉണ്ടായിരുന്നു. ഇതുവരെ ലഭ്യമായ വിവരം വെച്ച് ആക്രമണം ആസൂത്രണം ചെയ്ത ആളുകള്‍ ഒരുമിച്ച് രൂപീകരിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അടക്കം വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അത് പൊലീസിന് കൈമാറിയിട്ടുണ്ട്. ഫ്രറ്റേര്‍ണിറ്റി മൂവ്‌മെന്റിനെ മറയാക്കി കൊണ്ട് ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ അടക്കം ഇതില്‍ പ്രവര്‍ത്തിച്ച് വരികയാണ്. ട്രെയിനിംഗ് ലഭിച്ച ക്രിമിനല്‍ സംഘങ്ങളെ പോലെയാണ് ആക്രമണം അഴിച്ചുവിട്ടത്. ഒരു വ്യക്തിയെ എങ്ങനെയെല്ലാം പരിക്കേല്‍പ്പിച്ചാല്‍ അയാള്‍ കൊല്ലപ്പെടും എന്നത് സംബന്ധിച്ച് അറിവുള്ള തരത്തില്‍ വളരെ വ്യക്തമായി തീവ്രവാദ സ്വഭാവത്തോട് കൂടിയുള്ള ആക്രമണമാണ് നടത്തിയിരിക്കുന്നതെന്നും പിഎം ആര്‍ഷോ പറഞ്ഞു.
ആര്‍ഷോയുടെ വാക്കുകള്‍
അതിക്രൂരമായ ആക്രമണമാണ് ഉണ്ടായിട്ടുള്ളത്. നിലവില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോട് കൂടിയാണ് ഇരുപതിനടുത്ത് അംഗങ്ങളുള്ള സംഘം ക്യാംപസിനകത്തേക്ക് രാത്രി കടന്നുവരുന്നത്. അവരുടെ കൈയ്യില്‍ വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ ഉണ്ടായിരുന്നു. അത് ഉപയോഗിച്ച് അതിക്രൂരമായിട്ടാണ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ വെട്ടിയും കുത്തിയും കൊലപ്പെടുത്താനുള്ള ശ്രമമുണ്ടായത്. കഴുത്തിനുനേരെ വന്ന വെട്ട് കൈകൊണ്ട് തടുത്തത് കൊണ്ട് മാത്രമാണ് ജീവന്‍ തിരിച്ചു കിട്ടിയത്. ഇതിനകത്ത് കെഎസ്.യു പ്രവര്‍ത്തകരും ഫ്രറ്റേര്‍ണിറ്റി പ്രവര്‍ത്തകരും ഉണ്ടായിരുന്നു. ഇതുവരെ ലഭ്യമായ വിവരം വെച്ച് ആക്രമണം ആസൂത്രണം ചെയ്ത ആളുകള്‍ ഒരുമിച്ച് രൂപീകരിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അടക്കം വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അത് പൊലീസിന് കൈമാറിയിട്ടുണ്ട്.
ഇത്തരത്തില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ് അടക്കം രൂപീകരിച്ച് വലിയ ആസൂത്രണത്തോട് കൂടിയാണ് ആക്രമണം നടത്തിയത്. ഇതിന്റെ തുടര്‍ച്ചയിലുണ്ടായ ഏറ്റവും പ്രധാനപ്പെട്ട ഒന്നു രണ്ട് കാര്യങ്ങള്‍, ക്യാംപസ് ഫ്രണ്ട്് നിരോധിക്കപ്പെട്ട ശേഷം ക്യാംപസ് ഫ്രണ്ടിന്റെ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഫ്രറ്റേര്‍ണിറ്റിയുടെ ഭാഗമായി നില്‍ക്കുന്ന സാഹചര്യമാണ് ഒട്ടുമിക്ക ക്യാംപസുകള്‍ക്കകത്തുമുള്ളത്. ഫ്രറ്റേര്‍ണിറ്റി മൂവ്‌മെന്റിനെ മറയാക്കി കൊണ്ട് ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ അടക്കം ഇതില്‍ പ്രവര്‍ത്തിച്ച് വരികയാണ്. ട്രെയിനിംഗ് ലഭിച്ച ക്രിമിനല്‍ സംഘങ്ങളെ പോലെയാണ് ആക്രമണം അഴിച്ചുവിട്ടത്. ഒരു വ്യക്തിയെ എങ്ങനെയെല്ലാം പരിക്കേല്‍പ്പിച്ചാല്‍ അയാള്‍ കൊല്ലപ്പെടും എന്നത് സംബന്ധിച്ച് അറിവുള്ള തരത്തില്‍ വളരെ വ്യക്തമായി തീവ്രവാദ സ്വഭാവത്തോട് കൂടിയുള്ള ആക്രമണമാണ് നടത്തിയിരിക്കുന്നത്. ഇതില്‍ ഒരാള്‍ ഇന്നലെ രാത്രി അറസ്റ്റിലായിട്ടുണ്ട്. രണ്ട്‌പേര്‍ സംഭവ സ്ഥലത്ത് നിന്ന് തന്നെ പിടിയില്‍ ആയിട്ടുണ്ട്. അവര്‍ ആശുപത്രിയില്‍ ആണ്. ആശുപത്രി വിടുന്ന പക്ഷം അവരെയും അറസ്റ്റ് ചെയ്യുകയാണ് ചെയ്യുക. ഫ്രറ്റേര്‍ണിറ്റിയുടെ മൂവ്‌മെന്റില്‍ കഴിഞ്ഞ കാലത്തെ അവരുടെ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച മത്സരാര്‍ത്ഥികളും അവരുടെ ഭാരവാഹികളുമാണുള്ളത്. കെ.എസ്.യുവില്‍ നിന്ന് സംഘടനയുടെ മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ആളുകളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.
മഹാരാജാസ് കോളേജില്‍ അധ്യാപകനെതിരെ നടന്ന ഫ്രറ്റേര്‍ണിറ്റി ആക്രമണത്തിനെതിരെ എസ്എഫ്‌ഐ പ്രതിഷേധിച്ചിട്ടുണ്ട്. അതിലടക്കമുള്ള വിരോധമാണ് ഈ നിലയിലുള്ള ആക്രമണത്തിലേക്ക് എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ വിവിധ ഘട്ടങ്ങളില്‍ ഈ പറഞ്ഞ ആളുകള്‍ ആക്രമണം അഴിച്ചുവിടുന്ന സാഹചര്യമുണ്ടായിരുന്നു.
കോളേജില്‍ നിന്ന് ഒഫീഷ്യല്‍ സ്റ്റഡി ടൂറിന് പോകുന്ന ഘട്ടത്തിലാണ് ആലുവയില്‍ ട്രെയിനിനകത്ത് കയറി എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ സായൂജിനെ ആക്രമിച്ചത്. അതുപോലെ തന്നെ പരീക്ഷയെഴുതി പുറത്തേക്ക് വരുന്ന എസ് എഫ് ഐ പ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിക്കുന്ന നിലയുണ്ടായിട്ടുണ്ട്. ഏത് വിധേനയും എസ്.എഫ്.ഐ പ്രവര്‍ത്തകരെ ആക്രമിച്ച് ക്യാംപസില്‍ നിന്ന് ഇല്ലാതാക്കുന്നതിന് വേണ്ടിയിട്ടുള്ള ആസൂത്രിതമായ ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ആക്രമണത്തിനിരയായ എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ ഒരു വിരല്‍ അറ്റു പോകുന്ന സാഹചര്യമുണ്ടായി. അതുമായി ബന്ധപ്പെട്ട സര്‍ജറി കഴിഞ്ഞ ദിവസം കഴിഞ്ഞു. ശരീരത്തില്‍ ഞരമ്പുകള്‍ മുറിഞ്ഞു പോകുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. ശരീരമാസകലം വെട്ടേറ്റിട്ടുണ്ട്. നിലവില്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. എല്ലിന് പൊട്ടലുണ്ട്.
എസ്.എഫ്.ഐ ഇതിനെതിരെ ശക്തമായി തന്നെ മുന്നോട്ട് പോകും. കേരളത്തിലെ ക്യാംപസുകളെ ആക്രമണങ്ങള്‍ക്ക് ഇരയാക്കാനുള്ള നിലവിലുള്ള അവിശുദ്ധ സഖ്യത്തിനെതിരെ ശക്തമായി ക്യാംപയിനുകള്‍ സംഘടിപ്പിക്കും. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഈ രീതിയിലുള്ള ആക്രമണ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായാല്‍ ആ നിലയിലുള്ള പ്രതിരോധം ഉണ്ടാകും.