മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ അന്തരിച്ചു. 82 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹചമായ അസുഖങ്ങളെ തുടര്‍ന്ന് കുറെ നാളായി ചികിത്സയിലായിരുന്നു.
ഭൗതിക ശരീരം വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. രാത്രി എട്ടിന് മാറമ്പള്ളി ജമാഅത്ത് ഖബര്‍സ്ഥാനില്‍ കബറടക്കും.
തോട്ടത്തില്‍ കോട്ടപ്പുറത്ത് ഹൈദ്രോസിന്റെയും ഫാത്തിമ ബീവിയുടെയും മകനായി 1941 ഡിസംബര്‍ ഏഴിനാണ് ജനനം. 16-ാം വയസിലാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 14 വര്‍ഷം എറണാകുളം ഡിസിസി പ്രസിഡന്റായും പ്രവര്‍ത്തിച്ചു. കരുണാകരന്‍ മന്ത്രിസഭയില്‍ 1991 മുതല്‍ 95 വരെ കേരളത്തിലെ ഭക്ഷ്യ മന്ത്രിയായി സേവനമനുഷ്ഠിച്ചു അദ്ദേഹം അഞ്ച് തവണ നിയമസഭാംഗമായിരുന്നു.
യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. എറണാകുളം ജില്ല കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. 1977ല്‍ ആലുവയില്‍ നിന്നാണ് ആദ്യമായി നിയമസഭയിലേക്ക് എത്തുന്നത്. നാല് തവണ കുന്നത്തുനാട് മണ്ഡലത്തെയും പ്രതിനിധീകരിച്ചു.