തിരുവനന്തപുരം: സ്‌കൂൾ അർധവാർഷിക പരീക്ഷ ഒറ്റഘട്ടമായി തന്നെ നടത്താൻ വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. ഡിസംബർ 15ന് പരീക്ഷ തുടങ്ങി 23-ന് പൂർത്തിയാക്കാനാണ് ധാരണ. പരീക്ഷകൾക്ക് ശേഷം 23ന് സ്‌കൂളടയ്ക്കും. ജനുവരി അഞ്ചിനാകും തുറക്കുക. ഹയർ സെക്കന്ററി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷകൾ സ്‌കൂൾ തുറന്നശേഷം ജനുവരി ഏഴിനു നടക്കും.

ക്രിസ്മസ് അവധി പുനഃക്രമീകരിക്കാൻ മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ധാരണയായത്. അന്തിമതീരുമാനം വിദ്യാഭ്യാസ നിലവാര സമിതി (ക്യുഐപി) യോഗത്തിലെടുക്കും. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രണ്ടുഘട്ടമായി പരീക്ഷ നടത്താൻ ആലോചനയുണ്ടായിരുന്നു. എന്നാൽ, അവധിക്ക് മുമ്ബും ശേഷവുമായുള്ള പരീക്ഷ വിദ്യാർഥികളിൽ മാനസികസമ്മർദം ഉണ്ടാക്കുമെന്നാണ് വിലയിരുത്തലിനെത്തുടർന്നാണ് പരീ്ക്ഷ ഒറ്റഘട്ടമായി നടത്താനുള്ള തീരുമാനമെടുത്തത്






