ദില്ലി: അഹമ്മദാബാദ് വിമാന അപകടത്തില്‍ വിമാനത്തിൻ്റെ പൈലറ്റുമാരെ ആർക്കും കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് സുപ്രീംകോടതി. എഎഐബിയുടെ പ്രാഥമിക അന്വഷണ റിപ്പോര്‍ട്ടില്‍ പൈലറ്റുമാരെ കുറ്റപ്പെടുത്തുന്നില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

പൈലറ്റുമാര്‍ക്ക് പിഴവ് സംഭവിച്ചതായുള്ള വിദേശ മാധ്യമ റിപ്പോർട്ടുകളെയും സുപ്രീംകോടതി വിമർശിച്ചു. വിദേശ മാധ്യമത്തിലെ റിപ്പോര്‍ട്ട് വളരെ മോശമായ രീതിയിലാണെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി. അഹമ്മദാബാദ് വിമാന അപകടമുണ്ടായത് പൈലറ്റുമാരുടെ പിഴവാണെന്ന് രാജ്യത്തെ ആരും വിശ്വസിക്കുന്നില്ല എന്നും കേസ് പരിഗണിച്ച ബെഞ്ചിലെ ജസ്റ്റിസ് ബാഗ്ചി വ്യക്തമാക്കി.
അഹമ്മദാബാദ് വിമാന അപകടവുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്രത്തിന് നോട്ടീസ് അയച്ചു. കേസ് ഈ മാസം പത്തിന് പരിഗണിക്കും. അഹമ്മദാബാദ് വിമാന അപകടത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് പൈലറ്റ് സുമീത് സബർവാളിന്‍റെ പിതാവ് നല്‍കിയ ഹർജിയില്‍ ആണ് കോടതിയുടെ പരാമർശം.






