ഇറാന്റെ പിന്തുണയുള്ള യമനിലെ ഹൂതികളെ ഭീകരരായി പ്രഖ്യാപിക്കണമെന്ന് യുഎൻ രക്ഷാസമിതിയിൽ സൗദി അറേബ്യ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയിലെ സൗദി അംബാസിഡർ ഡോ. അബ്ദുൾ അസീസ് അൽ വാസിലാണ് കൗൺസിൽ അവലോകന യോഗത്തിൽ ആവശ്യം ഉന്നയിച്ചത്.
ഹൂതികളെ തീവ്രവാദികളായി പ്രഖ്യാപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. യമനിൽ സമാധാനം പുന: സ്ഥാപിക്കാൻ വേണ്ടിയുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് സൗദി അറേബ്യയുടെ എല്ലാ പിന്തുണയും ഉണ്ടാവുമെന്ന് അൽ വാസിൽ പറഞ്ഞു. അതേസമയം ഹൂതികൾ വീണ്ടും ആക്രമിക്കുകയാണെങ്കിൽ സ്വയം പ്രതിരോധിക്കാനുള്ള അവകാശം സൗദിക്കുണ്ട്. ശത്രുതാപരമായ അക്രമണങ്ങൾ ഉണ്ടായാൽ എന്ത് വിലകൊടുത്തും ചെറുത്തു നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.