സൗദിയില്‍ സന്ദര്‍ശക വിസയില്‍ കഴിയുന്നവര്‍ക്ക് താമസ വിസയിലേക്ക് മാറാൻ സാധിക്കില്ലെന്ന് ജവാസാത്ത് പ്രഖ്യാപിച്ചു . സന്ദര്‍ശക വിസയിലെത്തുന്ന ആളുകൾക്ക് താമസവിസയിലേക്ക് മാറാന്‍ സാധിക്കുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ നിഷേധിച്ചുകൊണ്ട് സൗദി ജവാസാത്ത് ഡയറക്ട്രേറ്റിൻ്റെ പ്രഖ്യാപനം വന്നിട്ടുണ്ട്.
വിസ മാറ്റത്തിന് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തകൾ വന്നിരുന്നു. എന്നാൽ ഇങ്ങനെയൊരു സംവിധാനം നിലവിൽ രാജ്യത്തില്ല .ഇത് പൂർണ്ണമായും വ്യാജ അറിയിപ്പാണെന്നും ഇത്തരം വാർത്തകൾ സൃഷ്ടിക്കുന്നവർക്കെതിരെ സൈബര്‍ ആക്ട് പ്രകാരം നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
എന്നാൽ പതിനെട്ട് വയസിന് താഴെയുള്ള കുട്ടികളുടെ സന്ദര്‍ശക വിസ താമസവിസയിലേക്ക് മാറ്റാന്‍ സാധിക്കുമെന്ന് ജവാസാത്ത് അറിയിച്ചിട്ടുണ്ട്. ഇതിന് രക്ഷിതാക്കള്‍ രണ്ട് പേരും രാജ്യത്ത് താമസ വിസയില്‍ കഴിയുന്നവരായിരിക്കണമെന്നത് നിർബന്ധമാണ്.