സൗദി അറേബ്യയിൽ ആരോഗ്യ കേന്ദ്രങ്ങളിൽ നിരീക്ഷണ ക്യാമറകൾക്ക് നിരോധനം ഏർപ്പെടുത്തി. മെഡിക്കൽ പരിശോധന നടത്തുന്ന സ്ഥലങ്ങൾ, വസ്ത്രം മാറുന്ന മുറി, ഫിസിയോ തെറപ്പി, വനിതാ ക്ലബ്ബുകൾ, സലൂൺ, ശുചിമുറി എന്നിവിടങ്ങളിളെ നിരീക്ഷണ ക്യാമറകൾ നിരോധിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് സുരക്ഷ ശക്തമാക്കാനും നിർദേശമുണ്ട്.
മന്ത്രാലയങ്ങൾ, എണ്ണ–പെട്രോകെമിക്കൽ സൗകര്യങ്ങൾ, വൈദ്യുതി ഉൽപാദനം, ജലശുദ്ധീകരണ കേന്ദ്രങ്ങൾ, എയർ ടൂറിസം സൗകര്യങ്ങൾ, വാണിജ്യ സമുച്ചയങ്ങൾ, ഷോപ്പിങ് കേന്ദ്രങ്ങൾ എന്നിവയുടെ സുരക്ഷയും ക്യാമറ സ്ഥാപിച്ചു ശക്തമാക്കണം. സ്ഥാപനങ്ങൾ, ബാങ്കുകൾ, മണി ട്രാൻസ്ഫർ സെന്ററുകൾ, താമസ സമുച്ചയങ്ങൾ എന്നിവിടങ്ങളിലും ക്യാമറ നിർബന്ധമാക്കും. നിരീക്ഷണ ക്യാമറകൾ നിർമിക്കാനും സ്ഥാപിക്കാനും മുൻകൂട്ടി അനുമതി വാങ്ങണമെന്നും ആഭ്യന്തര മന്ത്രാലത്തിന്റെ നിർദേശമുണ്ട്.
മക്കയിലെയും മദീനയിലെയും ഹറം പള്ളികൾ, മിന, അറഫ, മുസ്ദലിഫ എന്നീ പുണ്യസ്ഥലങ്ങൾ, മസ്ജിദ്, ക്ലബ്ബ്, സ്റ്റേഡിയങ്ങൾ, പൊതു-സ്വകാര്യ മേഖലകളിലെ സാംസ്കാരിക യുവജന കേന്ദ്രങ്ങൾ, വിനോദ സൗകര്യങ്ങൾ, ആരോഗ്യ സ്ഥാപനങ്ങൾ, ക്ലിനിക്കുകൾ, വാണിജ്യ വെയർഹൗസുകൾ, പ്രധാന റോഡുകൾ, നഗര കവലകൾ, ഹൈവേകൾ, ഇന്ധന സ്റ്റേഷനുകൾ, ഗ്യാസ് വിൽപന കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കും ഇതു ബാധകമാകും.