ഇന്ത്യയിൽ നിന്ന് ശീതീകരിച്ച ചെമ്മീൻ ഇറക്കുമതി ചെയ്യുന്നത് സൗദി താൽക്കാലികമായി നിർത്തിവെച്ചു. ഇറക്കുമതി ചെയ്യുന്ന സമുദ്രോൽപന്നങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ച ശേഷം പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ അഭ്യർഥന പ്രകാരമാണ് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.
അതേസമയം ശേഖരിച്ച സാമ്പിളുകളിലെ ശീതീകരിച്ച ചെമ്മീൻ ഉൽപന്നങ്ങളിൽ വൈറ്റ് സ്പോട്ട് സിൻഡ്രോം എന്ന വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയത്. കൂടാതെ സൗദിയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉൽപന്നങ്ങളിൽ ഈ വൈറസ് ഇല്ലെന്ന് ഇന്ത്യ ഉറപ്പ് നൽകുന്നതുവരെ ഇറക്കുമതി ചെയ്യുന്നത് താത്കാലികമായി നിർത്തിവയ്ക്കാനാണ് തീരുമാനമെന്ന് അതോറിറ്റി അറിയിച്ചു.