റിയാദ്: എണ്ണ വിപണി നിലവിൽ വളരെ ശക്തമായ നിലയിലാണെന്ന് ദേശീയ പെട്രോളിയം കമ്പനിയായ സൗദി അരാംകോയുടെ സി.ഇ.ഒ അമീൻ നാസർ പറഞ്ഞു. വിപണിയുടെ അടിസ്ഥാനകാര്യങ്ങളും ശക്തമാണ്. ഈ വർഷം രണ്ടാം പകുതിയിൽ ആഗോളതലത്തിൽ എണ്ണയുടെ ആവശ്യം വർധിക്കുമെന്നും പ്രതിദിന ആവശ്യം 11 ലക്ഷം ബാരൽ മുതൽ 13 ലക്ഷം ബാരൽ വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും അമീൻ നാസർ വ്യക്തമാക്കി.
ഇതോടെ ഈ വർഷത്തെ മൊത്തം എണ്ണ ആവശ്യകത പ്രതിദിനം 10.58 കോടി ബാരലായി ഉയരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള എണ്ണ ശേഖരണ നിലവാരം അഞ്ച് വർഷത്തെ ശരാശരിയേക്കാൾ താഴെയാണ്. എണ്ണ ആവശ്യകതയിൽ യു.എസ് നികുതികൾ പരിമിതമായ സ്വാധീനം മാത്രമേ ചെലുത്തുന്നുള്ളൂവെന്നും അമീൻ നാസർ അഭിപ്രായപ്പെട്ടു.
കൊറിയയിലും ജപ്പാനിലും നീല അമോണിയ സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ട്. ചൈനയുൾപ്പെടെ നിരവധി ഇടപാടുകൾ അരാംകോയ്ക്ക് പരിഗണനയിലുണ്ട്. ദീർഘകാലാടിസ്ഥാനത്തിൽ പ്രതിവർഷം രണ്ട് കോടി ടൺ എൽ.എൻ.ജി ഉൽപാദന ശേഷി കൈവരിക്കാനാണ് ആരാംകോ ലക്ഷ്യമിടുന്നതെന്നും അമീൻ നാസർ പറഞ്ഞു. കൃത്രിമബുദ്ധിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പുതിയ ഊർജസ്രോതസ്സുകൾ, ഡിജിറ്റൽ നവീകരണം തുടങ്ങിയ വിവിധ സംരംഭങ്ങളിൽ ഞങ്ങൾ നിക്ഷേപം തുടരുന്നു. ദീർഘകാല വിജയത്തിനായി വൈവിധ്യമാർന്ന ബിസിനസ് സ്കോപ്പ്, കുറഞ്ഞ ചെലവുകൾ, സാങ്കേതിക പുരോഗതി എന്നിവ പ്രയോജനപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അമീൻ നാസർ പറഞ്ഞു.