റിയാദ്: സൗദിയിലെ വിമാനത്താവളങ്ങളിൽ അതിവേഗ കോടതികൾ ആരംഭിക്കുന്നു. സൗദിയിലെത്തുന്ന വിനോദസഞ്ചാരികളുടേയും സന്ദർശകരുടേയും പരാതികൾക്ക് അതിവേഗത്തിൽ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് വിമാനത്താവളത്തിൽ കോടതികൾ ആരംഭിക്കുന്നത്. ഇതുവഴി നിശ്ചിത തീയതികളിൽ സൗദിയിൽ സന്ദർശനം നടത്തി മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കോടതി വഴി അതിവേഗം നിയമനടപടികൾ സാധ്യമാകും.
വിഷൻ 2030യുടെ ഭാഗമായി ടൂറിസം രംഗത്തെ സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിൻ്റെ ഭാഗമായിട്ടാണ് പുതിയ പരിഷ്കാരം കൊണ്ടു വരുന്നത്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും മുഴുവൻ സമയം കോടതി യൂണിറ്റുകളുടെ സേവനം ലഭിക്കും. പബ്ലിക് പ്രോസിക്യൂഷന് കീഴിൽ പ്രത്യേക വിഭാഗമായാണ് ഈ കോടതികൾ പ്രവർത്തിക്കുക. ഇതിനായി പബ്ലിക് പ്രോസിക്യൂഷൻ ആസ്ഥാനത്ത് പ്രത്യേക വിംഗിനേയും സജ്ജമാക്കും.
അറ്റോർണി ജനറലും പബ്ലിക് പ്രോസിക്യൂഷൻ കൗൺസിൽ ജനറലുമായ ഷെയ്ഖ് സൗദ് അൽ മുജാബാണ് ഇത് സംബന്ധിച്ച തീരുമാനം
പ്രഖ്യാപിച്ചത്. ടൂറിസ്റ്റുകളുടെ കേസുകളിൽ സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കുന്നതിനും നീതി ഉറപ്പാക്കുന്നതിനും പുതിയ കോടതി സംവിധാനങ്ങൾ ഏറെ സഹായകരമാകെന്നും അദ്ദേഹം പറഞ്ഞു.