ഇന്ത്യയുടെ ഇതിഹാസ ടെന്നീസ് താരം സാനിയ മിർസ ടെന്നിസിൽ നിന്നും വിരമിച്ചു. നേരത്തെ തന്നെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. അവസാന മത്സരമായ ദുബായിൽ ഡ്യൂട്ടി ഫ്രീ ചാമ്പ്യൻഷിപ്പിൽ ഒന്നാം റൗണ്ടിൽ തന്നെ തോറ്റ് പുറത്താവുകയായിരുന്നു. അമേരിക്കൻ താരം മാഡിസൺ കെയ്സിനൊപ്പമാണ് സാനിയ കളിച്ചത്. റഷ്യൻ സഖ്യത്തോടാണ് പരാജയപ്പെട്ട് കോർട്ടിൽ നിന്നിറങ്ങി. ഒരു മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ 4-6, 0-6 എന്ന സ്കോറിനാണ് സാനിയ സഖ്യം പരാജയപ്പെട്ടത്.
2003-ൽ കരിയർ ആരംഭിച്ച സാനിയ 36ാംമത്തെ വയസിലാണ് കരിയർ അവസാനിപ്പിക്കുന്നത്. ഇതുവരെ ആറ് ഗ്രാൻറ് സ്ലാം കിരീടങ്ങൾ താരം നേടിയിട്ടുള്ളത്. കൂടാതെ സ്വിസ് ഇതിഹാസതാരം മാർട്ടിന ഹിഞ്ചിസിനൊപ്പം കളിച്ച് മൂന്ന് തവണ വനിതാ ഡബിൾസ് ഗ്രാൻറ്സ്ലാമുകളും സാനിയ നേടിയിട്ടുണ്ട്. മറ്റ് മൂന്ന് മിക്സഡ് ഡബിൾസ് കിരീടനേട്ടങ്ങളിൽ ഇന്ത്യൻ താരം മഹേഷ് ഭൂപതിയായിരുന്നു സാനിയക്കൊപ്പം ഉണ്ടായിരുന്നത്. 2009ൽ നടന്ന ഓസ്ട്രേലിയൻ ഓപ്പണും 2012ൽ നടന്ന ഫ്രഞ്ച് ഓപ്പണുമാണ് ഇരുവരും ചേർന്ന് സ്വന്തമാക്കിയത്.
മൂന്ന് പതിറ്റാണ്ടുകളോളം സാനിയ മിർസ ടെന്നീസ് ലോകത്ത് ഇന്ത്യയുടെ നിറ സാന്നിധ്യമായിരുന്നു. ഒപ്പം ഒട്ടനവധി വിവാദങ്ങളും താരത്തെ തേടിയെത്തിയിട്ടുണ്ട്. ലോക ടെന്നീസ് റാങ്കിങ്ങിൽ 27ാം സ്ഥാനമാണ് സാനിയയുടെ ഏറ്റവും മികച്ച കരിയർ റാങ്കിങ്. ടെന്നീസിൽ ഇന്ത്യയ്ക്ക് ഒരു വിലാസം ഉണ്ടാക്കിക്കൊടുത്തത് സാനിയ മിർസയാണ്. വനിതാ ടെന്നീസ് താരങ്ങൾ ഇല്ലാതിരുന്ന കാലത്ത് രാജ്യത്തിന് വേണ്ടി കളിച്ച് നിരവധി അഭിമാനകരമായ നേട്ടങ്ങൾ സമ്മാനിച്ചതും സാനിയയായിരുന്നു. ഡബിൾസിൽ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്താനും സാനിയക്കായിട്ടുണ്ട്.