മൂന്നാം ലോക മഹായുദ്ധം ഉണ്ടാകുമെന്ന സൂചന നൽകി യുക്രെയ്നിൽ റഷ്യ ആക്രമണം തുടരുന്നു. 24 മണിക്കൂറിനുള്ളിൽ യുക്രൈനിലെ നാൽപതോളം പട്ടണങ്ങളിലാണ് റഷ്യ മിസൈലാക്രമണം നടത്തിയത്. ഈ സാഹചര്യത്തിൽ യുക്രെയ്നിന്റെ മിസൈൽ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ നാറ്റോ സഖ്യരാഷ്ട്രങ്ങൾ സഹായിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ആവശ്യമായ വ്യോമപ്രതിരോധത്തിന്റെ 10 ശതമാനം മാത്രമാണ് ഇപ്പോൾ യുക്രെയ്നിന് ഉള്ളതെന്ന് പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്കി പറഞ്ഞു.
തലസ്ഥാനമായ കീവിൽ ഇറാൻ നിർമിത ഡ്രോണുകൾ ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്. എന്നാൽ റഷ്യയ്ക്കു ഡ്രോൺ നൽകിയിട്ടില്ലെന്നാണ് ഇറാന്റെ നിലപാട്. എന്നാൽ യുക്രെയ്നിന് ആയുധസഹായം നൽകുന്ന രാഷ്ട്രങ്ങളും യുദ്ധത്തിൽ പങ്കെടുക്കുന്നതിനു തുല്യമായി കരുതുമെന്ന മുന്നറിയിപ്പാണ് റഷ്യ നൽകിയത്. യുഎസും യൂറോപ്യൻ രാജ്യങ്ങളും ഉൾപ്പെട്ട സൈനികസഖ്യമായ നാറ്റോയിൽ യുക്രെയ്നിന് അംഗത്വം നൽകും. ഇത് മൂന്നാം ലോകയുദ്ധത്തെ ക്ഷണിച്ചുവരുത്താനുള്ള ആദ്യപടിയായിരിക്കുമെന്ന് റഷ്യൻ സെക്യൂരിറ്റി കൗൺസിൽ ഡപ്യൂട്ടി സെക്രട്ടറി അലക്സാണ്ടർ വെനഡിക്ടോവ് പറഞ്ഞു.
അതേസമയം ഹിതപരിശോധന നടത്തി നാല് മേഖലകളെ റഷ്യ കൂട്ടിച്ചേർത്തിരുന്നു. ഇതിൽ ഹേർസനിൽ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങൾ സുരക്ഷിത ഇടങ്ങളിലേക്കു മാറണമെന്ന് റഷ്യയെ പിന്തുണയ്ക്കുന്ന ഗവർണർ നിർദേശിച്ചിട്ടുണ്ട്. ജനങ്ങൾക്ക് അഭയം നൽകാനായി റഷ്യയുടെ സഹായവും ആവശ്യപ്പെട്ടു.