റാവൽപിണ്ടി: റാവൽപ്പിണ്ടി ജയിലിൽ കഴിയുന്ന മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മരിച്ചതായുള്ള അഭ്യൂഹം പാകിസ്ഥാനിൽ ശക്തമായി. സമൂഹമാധ്യമമായ എക്സിലാണ് ഇതുമായി ബന്ധപ്പെട്ട ട്വീറ്റ് ആദ്യം വന്നത്. വളരെ പെട്ടെന്ന് തന്നെ ഇതു വൈറലായി.
മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ “കൊല്ലപ്പെട്ടു” എന്ന വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ ലഭിച്ചതായി അഫ്ഗാൻ ടൈംസ് എന്ന ഒരു എക്സ് അക്കൗണ്ടിലാണ് ആദ്യം ട്വീറ്റ് വന്നത്. എന്നാൽ ഇക്കാര്യത്തിൽ ജയിൽ അധികൃതരോ പാക് സർക്കാരോ മറ്റേതെങ്കിലും ഏജൻസികളോ പ്രതികരിച്ചിട്ടില്ല.
ഇമ്രാൻ ഖാന്റെ കുടുംബത്തെ ജയിലിൽ അദ്ദേഹത്തെ കാണാൻ അനുവദിക്കുന്നില്ലെന്നും മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഏകാന്തതടവിൽ കഴിയുകയാണെന്നും കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത വന്നിരുന്നു. അതിനു പിന്നാലെയാണ് ഇന്ന് ഇമ്രാൻ മരണപ്പെട്ടതായുള്ള അഭ്യൂഹം പരക്കുന്നത്. അഡിയാല ജയിലിന് പുറത്ത് പ്രതിഷേധിച്ച അദ്ദേഹത്തിന്റെ സഹോദരിമാരെ പൊലീസ് മർദ്ദിച്ചതായും റിപ്പോർട്ടുണ്ട്.
ഇമ്രാൻ ഖാന്റെ മൂന്ന് സഹോദരിമാരായ നൊറീൻ, അലീമ, ഉസ്മ എന്നിവർ അഡിയാല ജയിലിനുള്ളിൽ കിടക്കുന്ന മുൻപ്രധാനമന്ത്രിയായ സഹോദരനെ ജയിൽ അധികൃതർ “ക്രൂരമായി ആക്രമിച്ചതായി ആരോപിച്ചിട്ടുണ്ട്. അഴിമതി കേസുകളിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് 2023 മുതൽ ഇമ്രാൻ ഖാൻ ജയിലിലാണ്.




