രാജ്യത്ത് പ്രത്യേക ഉപയോഗത്തിനായി ഡിജിറ്റൽ രൂപ (ഇ-രൂപ) അവതരിപ്പിക്കാനൊരുങ്ങി റിസർവ് ബാങ്ക്. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സിബിഡിസി) പ്രാബല്യത്തില്‍ വരുത്തുന്നതിന് മുന്നോടിയായുള്ള പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ നടപടി. കള്ളപ്പണം വെളുപ്പിക്കൽ തടയുക, ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുക, പണമിടപാട് സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക, തുടങ്ങിയവയാണ് ഡിജിറ്റൽ രൂപ അവതരിപ്പിക്കുന്നതിന് പിന്നിലെ ലക്ഷ്യമെന്ന് ആർ.ബി.ഐ പറഞ്ഞു.
ഡിജിറ്റൽ രൂപ വരുന്നതോട് കൂടി പണം പുറത്തിറക്കാനും ഇടപാടിനുമുള്ള ചെലവ് കുറയുമെന്നുമാണ് കണക്കുകൂട്ടൽ. ഡിജിറ്റൽ കറൻസി, ഉപയോഗങ്ങൾ, നേട്ടങ്ങൾ എന്നിവ സംബന്ധിച്ച വിശദീകരണക്കുറിപ്പ് ആർബിഐ പുറത്തുവിട്ടിട്ടുണ്ട്. ബാങ്ക് ഇടപാടുകളെ ഇ-രൂപ എങ്ങനെ ബാധിക്കുന്നു, ഉപയോഗ രീതി, സാങ്കേതിക വിദ്യ, പ്രവർത്തനം, ഡിജിറ്റൽ രൂപയുടെ ഡിസൈൻ എന്നിവ ഉൾപ്പെടുത്തിയാണ് വിശദീകരണ കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്. കറൻസി ഡിജിറ്റൽ രൂപത്തിലാണെങ്കിലും കറൻസി നോട്ടുകളെപ്പോലെ കൃത്യമായ മൂല്യവും ഇടപാടുകൾക്ക് നിയമ പിൻബലവുമുണ്ടാകും.
അതേസമയം ഡിജിറ്റൽ രൂപ പേപ്പർ കറൻസിയാക്കി മാറ്റാൻ കഴിയും. ബാങ്കിന്റെയോ സേവന ദാതാവിന്റെയോ വാലറ്റുകളിൽ ഈ പണം സൂക്ഷിക്കാം. ചില പ്രത്യേക ആവശ്യങ്ങൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാനാണ് തുടക്കത്തിൽ അവസരം ലഭിക്കുക. ചെറുകിട ആവശ്യങ്ങൾക്കായി സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി- റീട്ടെയിൽ, വൻകിട ആവശ്യങ്ങൾക്കായി സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി- ഹോൾസെയിൽ എന്നിങ്ങനെ രണ്ട് തരം ഡിജിറ്റൽ രൂപയാണ് ഉണ്ടാവുക. ഇതിൽ റീട്ടെയിലാണ് എല്ലാവർക്കും ഉപയോഗിക്കാനാവുന്ന സംവിധാനം. ഹോൾസെയിൽ ബാങ്കുകൾ തമ്മിലുള്ള ഇടപാടുകൾക്കും സെക്യൂരിറ്റി സെറ്റിൽമെന്റിനുമുള്ളതാണ്.
രാജ്യത്ത് ഡിജിറ്റല്‍ കറൻസി പുറത്തിറക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനകാര്യമന്ത്രി നിര്‍മല സീതാരാമന് വ്യക്തമാക്കിയിരുന്നു. 2023 മാർച്ച് 31ന് അവസാനിക്കുന്ന ഈ സാമ്പത്തിക വർഷം രാജ്യത്തിന്റെ സ്വന്തം ഡിജിറ്റൽ കറൻസി അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.