ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൻ്റെ മുഖമായ കിഴക്കേനടയും മഞ്ജുളാലും നവീകരിക്കാനുള്ള പദ്ധതിക്ക് തുടക്കമായി. വാഹനപൂജ നടക്കുന്ന സത്രം കവാടം മുതൽ 54 മീറ്റർ നീളത്തിലാണ് പുതിയ നടപ്പുര നിർമ്മിക്കുന്നത്. നവീകരണം പൂർത്തിയാവുന്നതോടെ കിഴക്കേനടയും പരിസരവും അടിമുടി മാറും.
പ്രവാസി വ്യവസായിയും വെൽത്ത് ഐ ഗ്രൂപ്പ് മേധാവിയുമായ അങ്ങാടിപ്പുറം സ്വദേശി വിഘ്നേശ് വിജയകുമാറാണ് ക്ഷേത്രത്തിലേക്ക് വഴിപാടായി നടപ്പുര നവീകരിച്ചു നൽകുന്നത്. വാസ്തു ആചാര്യൻ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിൻ്റെ മാർഗ്ഗനിർദേശമനുസരിച്ചാണ് നടപ്പുരയുടെ നവീകരണത്തിനുള്ള രൂപരേഖ തയ്യാറാക്കിയത്.
ക്ഷേത്രമാതൃകയിലാണ് നടപ്പുരയുടെ കവാടം നിർമ്മിക്കുന്നത്. നിലവിലുള്ള നടപ്പുരയുടെ അതേ ഉയരം തന്നെയാവും പുതിയ നടപ്പുരയ്ക്കും നടപ്പുരയുടെ ഇരുപത് തൂണുകളിലായി ദശാവതാരങ്ങളുടെ കോണ്ക്രീറ്റ് ശിൽപങ്ങളും ഉണ്ടാവും. ഇതോടൊപ്പം നടപ്പുരയുടെ വിവിധ ഭാഗങ്ങളിലായി വ്യാളി രൂപങ്ങൾ, മുഖപ്പുകൾ, ചാരുകാലുകൾ എന്നിവ ആഞ്ഞിലിമരത്തിൽ കൊത്തിയെടുക്കും.
ശിൽപികളായ എളവള്ളി നന്ദൻ്റേയും പെരുവല്ലൂർ മണികണ്ഠൻ്റേയും കരവിരുതിലാണ് ശില്പങ്ങളുടെ നിർമ്മാണം. ദേവസ്വം എഞ്ചിനീയർമാരായ എം.കെ അശോക് കുമാർ, നാരായണൻ ഉണ്ണി എന്നിവർക്കാണ് നടപ്പുരയുടെ നിർമ്മാണ മേൽനോട്ടം. ഏപ്രിൽ 15-നാണ് നവീകരണ പ്രവർത്തനങ്ങൾക്ക് തറക്കല്ലിട്ടത്. നാല് മാസം കൊണ്ട് നവീകരണം തീർക്കാനാണ് ഉദ്ദേശിക്കുന്നത്.
കിഴക്കേനടയുടെ നവീകരണത്തിനൊപ്പം തന്നെ മഞ്ജുളാലും പുതുക്കിപ്പണിയുകയാണ്. മഞ്ജുളാലിലെ ഗരുഡനെ സിമൻ്റിൽ ഇതിനായി പുനർനിർമ്മിക്കും. മഞ്ജുളാൽത്തറയും പുതുക്കിപ്പണിയും. സിനിമാ നിർമ്മാതാവ് വേണു കുന്നമ്പള്ളിയാണ് മഞ്ജുളാൽ നവീകരണത്തിൻ്റെ ചിലവ് വഹിക്കുന്നത്.