ദില്ലി: കേരളത്തിന് ആശ്വാസമായി ഇന്നലത്തെ കൊവിഡ് കണക്കുകൾ. തുടർച്ചയായി നൂറിലേറെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് ഇന്നലെ സംസ്ഥാനത്ത് സ്ഥിരീകരിച്ചത് 32 പുതിയ കൊവിഡ് കേസുകൾ മാത്രമാണ്. കേരളത്തിലെ ആകെ ആക്ടീവ് കേസുകൾ 3096 ആയി കുറഞ്ഞിട്ടുണ്ട്. ഇന്നലെ കൊവിഡ് മരണങ്ങളൊന്നും സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം കർണാടകയിൽ കൊവിഡ് വ്യാപനം കൂടുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്നലെ 92 പുതിയ കൊവിഡ് കേസുകളാണ് കർണാടകത്തിൽ റിപ്പോർട്ട് ചെയ്തത്. രാജ്യത്താകെ മൂന്ന് കൊവിഡ് മരണങ്ങളും ഇന്നലെ റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിൽ 4 പേർക്ക് കൊവിഡ് ഉപവകഭേദമായ JN. 1 സ്ഥിരീകരിച്ചതായി സർക്കാർ അറിയിച്ചു. എന്നാൽ നവംബറിൽ വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ച സാംപിളുകളുടെ ഫലമാണിതെന്നും രോഗബാധിതരെല്ലാം രോഗമുക്തി നേടികഴിഞ്ഞെന്നും സർക്കാർ വ്യക്തമാക്കുന്നു.
കോയമ്ബത്തൂർ, മധുര, തിരുച്ചിറപ്പള്ളി, തിരുവള്ളൂർ എന്നിവിടങ്ങളിൽ ആണ് JN .1 കണ്ടെത്തിയത്. ഇവരിൽ രണ്ടു പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ആകെ 56 പേരുടെ സാമ്ബിൾ ആണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഇന്നലെ 11 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ തമിഴ്നാട്ടിൽ ആകെ 139 രോഗികളാണ് ഇപ്പോൾ ഉള്ളത്.