സൗദിയിലേക്ക് ജോലിതേടി വരുന്നവർ ട്രാവൽ ഏജൻ്റുമാരുടെ തട്ടിപ്പിൽ കുടുങ്ങാതിരിക്കാൻ നിയമപരമായ മാർഗങ്ങളിലൂടെ മാത്രം വരണമെന്നും ജാഗ്രത പുലർത്തണമെന്നും അംബാസഡർ ഡോ. സുഹൈല്‍ അജാസ് ഖാന്‍ പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിൻ്റെ ‘ഇ-മൈഗ്രേറ്റ്’, ‘മദാദ്’ പോർട്ടലുകളിൽ രജിസ്റ്റർ ചെയ്യണം. ഭാവിയിൽ തൊഴിൽദാതാക്കളുമായി കേസോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായാൽ നിയമപരമായ പരിരക്ഷ ഉറപ്പാക്കാനാണിത്. പുതിയതായി ചുമതലയേറ്റ അംബാസഡര്‍ എംബസിയിൽ ഇന്ത്യൻ മാധ്യമങ്ങളോട് സംസാരിക്കവേയാണ് നിർദേശം.
നിലവിൽ സൗദിയിലുള്ള ഇന്ത്യക്കാരോടും എംബസിയുടെ വെബ്‍സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഇത് പ്രവാസികൾക്ക് അവശ്യഘട്ടങ്ങളിൽ സഹായങ്ങൾ എത്തിക്കാൻ എംബസിക്ക് സഹായമായി മാറും. ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ഏറ്റവും ഊഷ്മളമായ ബന്ധമാണുള്ളതെന്നും അംബാസഡർ വ്യക്തമാക്കി. ജി-20 ഉച്ചകോടി ഇന്ത്യയില്‍ നടക്കുന്നതിനാല്‍ അടുത്ത മാസങ്ങളില്‍ കൂടുതല്‍ ഉന്നതതല സന്ദര്‍ശനങ്ങളുണ്ടാകാനാണ് സാധ്യത.
ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാര വാണിജ്യമേഖലയിലും സഹകരണമുണ്ട്. ഇന്ത്യയിലെ പെട്രോ കെമിക്കല്‍, അടിസ്ഥാന വികസനം, പുനഃരുപയോഗ ഊർജം തുടങ്ങി വിവിധ മേഖലകളില്‍ സൗദി വ്യവസായികൾ നിക്ഷേപം നടത്തിയിരുന്നു. ആകെ 36 ശതകോടി ഡോളർ നിക്ഷേപം സൗദിയില്‍ നിന്നും ഇന്ത്യയിലെത്തിയിട്ടുണ്ട്. ഇന്ത്യന്‍ വ്യാപാരികളും സൗദിയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിവരികയാണെന്നും നിക്ഷേപ സൗഹൃദ രാജ്യമായതിനാല്‍ കൂടുതല്‍ ഇന്ത്യക്കാര്‍ സൗദിയില്‍ നിക്ഷേപത്തിന് തയാറാണെന്നും അംബാസഡര്‍ പറഞ്ഞു.