കോഴിക്കോട്: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്നും നാളെയും (ചൊവ്വ, ബുധൻ) വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ഇന്ന് മലപ്പുറം ജില്ലയിലും എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും ജാഗ്രതയുടെ ഭാഗമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്രമഴയാണ് പ്രവചിക്കുന്നത്. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്.
നാളെ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അതിതീവ്ര മുന്നറിയിപ്പ് ഉണ്ട്. വ്യാഴാഴ്ചയോടെ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടൽ.
തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്ന് നിർദേശമുണ്ട്. കേരള തീരത്ത് 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. തെക്കൻ കേരളാ തീരത്ത് കടലാക്രമണത്തിനും സാധ്യത.
ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് കനത്തമഴ തുടരുന്നത്. ബംഗാൾ ഉൾക്കടലിന് മുകളിൽ തമിഴ്‌നാട് തീരത്തിന് സമീപമാണ് ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്.
ന്യൂനമർദ്ദം രൂപപ്പെടുന്നതിനു മുൻപുള്ള കാറ്റിന്റെ കറക്കമാണ് ചക്രവാതചുഴി. കാറ്റിന്റെ കറക്കത്തിനു ശക്തി കൂടുന്നതോടെ ചക്രവാതചുഴി ന്യൂനമർദ്ദമായി രൂപാന്തരം പ്രാപിക്കും. കാറ്റിന്റെ ശക്തികുറഞ്ഞ കറക്കമാണ് ചക്രവാതചുഴി. മർദ്ദവ്യതിയാനം കാരണം ചാക്രിക രീതിയിൽ കാറ്റു കറങ്ങുന്നതാണ് ചക്രവാതചുഴിക്ക് കാരണം. അതേസമയം എല്ലാ ചക്രവാതചുഴികളും ന്യൂനമർദ്ദമാകണമെന്നില്ല. നിലവിൽ കേരള തീരത്തുള്ള ചക്രവാതചുഴി ന്യൂനമർദ്ദമാകുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. ന്യൂനമർദ്ദമായാൽ മഴയുടെ തീവ്രത കൂടിയേക്കാം.