ലോകമെമ്പാടുമുള്ള മുസ്ലീംമത വിശ്വാസികൾ വിശുദ്ധ റമദാൻ മാസത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ്. റമദാൻ മാസത്തോട് അനുബന്ധിച്ച് പാലിക്കേണ്ട നിയമങ്ങൾ ഓർമ്മിപ്പിക്കുകയാണ് യുഎഇ അധികൃതർ.
1. പൊതുസ്ഥലത്ത് ഭക്ഷണം കഴിയ്ക്കരുത്
യുഎഇയുടെ ശിക്ഷാ നിയമം അനുസരിച്ച് റമദാനിൽ പൊതുസ്ഥലത്ത് ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്യാൻ പാടില്ല. ച്യൂയിംഗ്ഗം ചവയ്ക്കുന്നത് വരെ ഇതിൽപ്പെടും. എന്നാൽ, എല്ലാ ഇൻഡോർ സ്ഥാപനങ്ങൾക്കും നിയമങ്ങൾ ബാധകമല്ല, മറ്റ് മതസ്ഥർക്കും കുട്ടികൾക്കും ഗർഭിണികൾക്കും പ്രായമായവർക്കും സേവനം നൽകുന്നതിനായി നിരവധി മാളുകളും റെസ്റ്റോറന്റുകളും വിശുദ്ധ മാസത്തിൽ തുറന്നിരിക്കും.
2. തർക്കങ്ങളിൽ നിന്ന് ഒഴിവാകുക
പുണ്യമാസത്തിൽ നോമ്പെടുക്കുന്നവരും അല്ലാത്തവരും പരസ്പരം ബഹുമാനത്തോടെ പെരുമാറണം. പൊതുസ്ഥലത്ത് അനാവശ്യമായ സംവാദങ്ങളിലോ വാദപ്രതിവാദങ്ങളിലോ ഏർപ്പെടുന്നത് ഒഴിവാക്കണം.
3. ഉറക്കെ പാട്ടുവെയ്ക്കരുത്
പ്രാർത്ഥന നടത്തുകയോ ഖുറാൻ പാരായണം ചെയ്യുകയോ ചെയ്യുന്നവരെയോ ശല്യപ്പെടുത്താതിരിക്കാൻ കാറുകളിലോ വീടുകളിലോ ഉച്ചത്തിലുള്ള സംഗീതം കേൾക്കുന്നത് ഒഴിവാക്കണം. മാളുകളിൽ ഉച്ചത്തിലുള്ള സംഗീതം പ്ലേ ചെയ്യുന്നതും നിരോധിച്ചിരിക്കുന്നു.
4. ഇഫ്ത്താർ ക്ഷണങ്ങൾ നിരസിക്കരുത്
മുസ്ലീം സുഹൃത്തുക്കളും സഹപ്രവർത്തകരും നൽകുന്ന ഇഫ്താർ ക്ഷണങ്ങൾ നിരസിക്കുന്നത് മര്യാദയില്ലാത്തതായി കണക്കാക്കപ്പെടുന്നു.
5. പൊതുസ്ഥലത്ത് മാന്യമായ വസ്ത്രം ധരിക്കുക
യുഎഇ നിവാസികൾ റമദാനിൽ പൊതുസ്ഥലത്ത് മാന്യമായ വസ്ത്രം ധരിക്കണം. ഒരു പൊതു നിയമമെന്ന നിലയിൽ, പുരുഷന്മാരും സ്ത്രീകളും അവരുടെ തോളിലും ശരീരത്തിലും കാൽമുട്ടിന് മുകളിലും മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.