‘വൂള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റിലെ’ ലിയോനാഡോ ഡികാപ്രിയോയുടെ പ്രകടനത്തെക്കാള്‍ മുകളിലാണ് രണ്‍ബീര്‍ കപൂറിന്റെ ‘അനിമലി’ലെ പ്രകടനമെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ഇത്രയും മികവുറ്റ രീതിയില്‍ ഒരു കഥാപാത്രത്തെ ഒരു നടന്‍ അവതരിപ്പിക്കുന്നത് അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ലെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. ടൈംസ് ഓഫ് ഇന്ത്യയോടായിരുന്നു രാം ഗോപാല്‍ വര്‍മ്മയുടെ പ്രതികരണം.
‘കഴിഞ്ഞ 110 വര്‍ഷത്തിനിടയ്ക്ക് രണ്‍ബീര്‍ അനിമലില്‍ ചെയ്തത് പോലെയൊരു കഥാപാത്ര ചിത്രീകരണം ഞാന്‍ കണ്ടിട്ടില്ല. 1913ലെ രാജാ ഹരിശ്ചദ്രന്‍ മുതല്‍ ഇത് വരെ. എന്നാല്‍ ഒരു സ്ത്രീയോട് തന്റെ ഷൂ നക്കാന്‍ പറയുന്ന സീനില്‍ മാത്രം എനിക്ക് അത് തോന്നിയില്ല. എന്നിരുന്നാലും വൂള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റില്‍ ലിയോനാഡോ ഡീകാപ്രിയോയുടെ പ്രകടനത്തിനും മുകളിലാണ് അനിമലിലെ രണ്‍ബീറിന്റെ പ്രകടനം.’ , എന്നാണ് രാം ഗോപാല്‍ വര്‍മ്മ പറഞ്ഞത്.
ഇതിന് മുമ്പ് അനിമല്‍ സിനിമ മികവുറ്റതാണെന്ന രീതിയില്‍ രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തിരുന്നു. അതോടൊപ്പം ചിത്രത്തിന്റെ നിരൂപണവും സംവിധായകന്‍ പങ്കുവെച്ചിരുന്നു. സന്ദീപ് റെഡ്ഡി വങ്കയെയും രാം ഗോപാല്‍ വര്‍മ്മ ട്വീറ്റിലൂടെ പ്രശംസിച്ചിരുന്നു. അതേസമയം ‘അനിമല്‍’ ഡിസംബര്‍ 1നാണ് തിയേറ്ററിലെത്തിയത്. ‘അര്‍ജുന്‍ റെഡ്ഡി’, ‘കബീര്‍ സിംഗ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത ചിത്രമാണിത്.





