ദില്ലി: ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പുമായി രാഹുൽ ഗാന്ധി. ഭാരത് ന്യായ് യാത്ര എന്ന് പേരിട്ടിരിക്കുന്ന യാത്ര ജനുവരി 14 മുതൽ മാർച്ച് 20വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. 14 സംസ്ഥാനങ്ങളിലൂടെ 6200 കിലോമീറ്ററാവും രണ്ടാം ഘട്ട ഭാരത് ജോഡോയാത്രയിൽ രാഹുലും സംഘവും സഞ്ചരിക്കുക.
കലാപഭൂമിയായ മണിപ്പൂരിൽ നിന്നാവും ഭാരത് ന്യായ് യാത്ര ആരംഭിക്കുക. മുംബൈയിൽ യാത്ര അവസാനിക്കും. കാൽനടയായും ബസിലും കോണ്ഗ്രസ് നേതാക്കൾ സഞ്ചരിക്കും. ചരിത്രപരമായ യാത്രയായി ഇതുമാറുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.
മണിപ്പൂരിൽ തുടങ്ങുന്ന യാത്ര നാഗാലാൻഡ്, അസ്സം, മേഘാലയ, പശ്ചിമബംഗാൾ, ബിഹാർ, ഒഡീഷ, ചത്തീസ്ഗണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് മഹാരാഷ്ട്രയിൽ പ്രവേശിക്കുകയും മുംബൈയിൽ അവസാനിക്കുകയും ചെയ്യും. 2022 സെപ്തംബറിൽ കന്യാകുമാരിയിൽ നിന്നാണ് രാഹുൽ ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. മാസങ്ങൾക്ക് ശേഷം ആയിരക്കണക്കിന് കിലോമീറ്റർ സഞ്ചരിച്ച് 2023 ജനുവരിയിൽ ശ്രീനഗറിൽ യാത്ര അവസാനിച്ചു.