പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. ഇതോടെ മൂന്ന് ബലാത്സംഗക്കേസുകളിലും എംഎൽഎയ്ക്ക് ജാമ്യം ലഭിച്ചു. കഴിഞ്ഞ തവണ കേസ് പരിഗണിച്ച തിരുവല്ലാ സെഷൻസ് കോടതി രാഹുലിന് ജാമ്യം നിഷേധിച്ചിരുന്നു. ഇതോടെയാണ് ജാമ്യാപേക്ഷയുമായി രാഹുലിൻ്റെ അഭിഭാഷകർ ജില്ലാ കോടതിയെ സമീപിച്ചത്.
വിചാരണകോടതി ജാമ്യം നിഷേധിച്ചതോടെ രാഹുലും പരാതിക്കാരിയായ യുവതിയും തമ്മിലുള്ള വിശദമായ ചാറ്റുകളും ശബ്ദസംഭാഷണങ്ങളും പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ സമർപ്പിച്ചു. ഇവ പരിശോധിച്ച കോടതി ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണ് ഇരുവരും തമ്മിലുണ്ടായിരുന്നത് പ്രതിഭാഗം വാദം അംഗീകരിച്ചാണ് രാഹുലിന് ജാമ്യം അനുവദിച്ചത്.
രണ്ടാമത്തെ ബലാംത്സംഗക്കേസിൽ രാഹുലിന് തിരുവനന്തപുരം ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഈ ജാമ്യവിധിയിലെ വാദങ്ങൾ അടക്കം ഉന്നയിച്ചാണ് രാഹുലിൻ്റെ അഭിഭാഷകർ കോടതിയിൽ വാദിച്ചു. രാഹുലിനെതിരെ തിടുക്കപ്പെട്ടുള്ള നടപടികളുണ്ടായെന്ന തരത്തിൽ ചില പരാമർശങ്ങൾ ആ വിധിയിലുണ്ടായിരുന്നു. രാഹുലിനെ രാഷ്ട്രീയമായി ലക്ഷ്യമിട്ടു എന്ന വാദം ജില്ലാ കോടതിയിൽ ആവർത്തിച്ച പ്രതിഭാഗ നീക്കം ഫലം കാണുകയായിരുന്നു.




