പാലക്കാട്: ബലാത്സംഗം കേസ് പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുന്ന സ്ഥലം പൊലീസ് തിരിച്ചറിഞ്ഞെന്ന് സൂചന. കർണാടക – തമിഴ്നാട് അതിർത്തിയിലെ ബാഗലൂരുവിലാണ് രാഹുൽ ഉണ്ടായിരുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ രാവിലെ വരെ രാഹുൽ ഇവിടെ ഉണ്ടായിരുന്നുവെന്നും എന്നാൽ പൊലീസ് സംഘം അന്വേഷിച്ചെത്തുന്നതിന് തൊട്ടുമുൻപ് അവിടെ നിന്നും കടന്നു കളഞ്ഞുവെന്നുമാണ് വിവരം.
ഒളിവിലുള്ള രാഹുൽ കാറുകൾ മാറി മാറി ഉപയോഗിക്കുന്നതായാണ് വിവരം. പാലക്കാട് നിന്നും കടന്ന രാഹുൽ കോയമ്പത്തൂരിലും പൊള്ളാച്ചിയിലും തങ്ങിയ ശേഷമാണ് ബാഗലൂരുവിലേക്ക് എത്തിയതെന്നാണ് സൂചന. നിലവിൽ രാഹുൽ കർണാടകയിലാണ് ഉള്ളതെന്നാണ് അന്വേഷണസംഘത്തിൻ്റെ അനുമാനം. രാഹുലിനെ പിടികൂടാൻ കേരള പൊലീസ് തമിഴ്നാട് പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.
അതേസമയം, ബലാത്സംഗ കേസിൽ നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ പുതിയ ഹർജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ കോടതിയിലെത്തി. നാളെ അടച്ചിട്ട കോടതി മുറിയിൽ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ ഹർജി നൽകിയത്. കോടതിക്ക് നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിന് പൂർണ വിലക്ക് ഏർപ്പെടുത്താൻ ഈ വകുപ്പ് പ്രകാരം കഴിയും.




