ദില്ലി: കർണാടകയിലെ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ രേഖകൾ സഹിതം ഉന്നയിച്ച് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കമ്മീഷൻ തന്നെ കൂട്ടുനിന്നുവെന്നും രാഹുൽ ദില്ലിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. മോദിയെ അധികാരത്തിൽ നിലനിർത്താൻ 25 സീറ്റുകളിൽ അട്ടിമറി നടന്നുവെന്നും രാഹുൽ ആരോപിച്ചു.
2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബാംഗ്ലൂർ സെൻട്രൽ ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി മൻസൂർ അലി ഖാനെതിരെ ബിജെപിയുടെ പിസി മോഹനാണ് മത്സരിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥിക്ക് 6.26 ലക്ഷം വോട്ടും ബിജെപി സ്ഥാനാർത്ഥിക്ക് 6.58 ലക്ഷം വോട്ടും കിട്ടി. ആകെ 32,707 വോട്ടുകളുടെ വ്യത്യാസം. ഏഴ് നിയമസഭാ മണ്ഡലങ്ങളടങ്ങിയ ബാംഗ്ലൂർ സെൻട്രൽ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട മഹാദേവപുര നിയോജക മണ്ഡലത്തിൽ മാത്രം 1.14 ലക്ഷം വോട്ടിൻ്റെ ലീഡാണ് ബിജെപി സ്ഥാനാർത്ഥി നേടിയത്. ഇവിടെ ബിജെപി സ്ഥാനാർത്ഥി 2.29 ലക്ഷം വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് കിട്ടിയത് 1.15 ലക്ഷം വോട്ടുകൾ.
തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തു വിട്ട കണക്കുകൾ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിൽ മഹാദേവപുര മണ്ഡലത്തിൽ മാത്രം ഒരു ലക്ഷം വ്യാജവോട്ടുകൾ കൂട്ടിച്ചേർക്കപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി പറയുന്നു.
ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തന്നെ കണക്കുകളാണ്. ഒരുലക്ഷം വ്യാജ വോട്ടർമാരാണുളളത്. ഇന്ത്യയിലെ ജനങ്ങളോട് ആണ് ഞങ്ങൾ പറയുന്നത്. മുഴുവൻ സിസ്റ്റവും മോഷ്ടിക്കുകയാണ്. ഇലക്ട്രോണിക് വോട്ടർ കണക്കുകളും സിസിടിവി ദൃശ്യങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷൻ തരുന്നില്ലെങ്കിൽ അതിന്റെ അർത്ഥം അവരും ഈ കൊള്ളയിൽ പങ്കാളികളാണെന്നാണ്. പല ഇടങ്ങളിലും ഇത് നടന്നിട്ടുണ്ടെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഇന്ത്യയിലെ ജനാധിപത്യം തകർന്നു. താൻ പറയുന്നത് സത്യമായതുകൊണ്ടാണ് തനിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്ക് മുതിരാത്തത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരമാണ് ഞാൻ ഇതെല്ലാം പറയുന്നത്. പാവപ്പെട്ടവർക്ക് ഈ രാജ്യത്ത് അവരുടെ കയ്യിലുള്ള ഒരേയൊരു അധികാരം കവർച്ച ചെയ്യപ്പെടുകയാണ്. അതിൽ ഒരു മോഡൽ മാത്രമാണ് ഇപ്പോൾ കാണിച്ചത്. ഇത് എവിടെ വേണമെങ്കിലും നടപ്പാക്കാവുന്നതാണ്. രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. വോട്ടർ പട്ടികയിലെ ക്രമക്കേടുകളെ കുറിച്ച് രാഷ്ട്രീയപാർട്ടികൾ പരാതി പറയുന്നില്ല എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം തെറ്റാണ്. – രാഹുൽ ഗാന്ധി പറഞ്ഞു.
മഹാദേവപുരയിൽ കോൺഗ്രസ് കണ്ടെത്തിയ ക്രമക്കേടുകൾ ഇപ്രകാരമാണ്.
- കന്നി വോട്ടർമാരെ ചേർക്കാൻ ഉപയോഗിക്കുന്ന ഫോം 6 ഉപയോഗിച്ച് 70 വയസ്സുകാരി രണ്ട് ബൂത്തിൽ വോട്ട് ചെയ്തു
- ഒരേ ആളുടെ പേര് നാല് ബൂത്തുകളിലെ വോട്ടർപട്ടികയിലുണ്ടായിരുന്നത്.
- ഒരു ബാറിലെ വിലാസത്തിൽ ആളുകൾ വോട്ടർ പട്ടികയിൽ
- ഒരാൾ പല സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിലുണ്ട്.
- വോട്ടർ പട്ടികയിലുള്ള 40,000 പേരുടെ മേൽവിലാസം പൂർണമായും വ്യാജമാണ്.
- വീട്ടുനമ്പർ പൂജ്യം എന്ന് കൊടുത്ത അനവധി പേർ വോട്ടർപട്ടികയിലുണ്ട്.
- പിതാവിൻ്റെ പേരിൻ്റെ സ്ഥാനങ്ങൾ ഇംഗ്ലീഷ് അക്ഷരങ്ങൾ മാത്രം കൊടുത്ത വോട്ടർമാർ പട്ടികയിലുണ്ട്.
- ഒരേ വീട്ടിൽ താമസിക്കുന്ന 80 വോട്ടർമാരും പട്ടികയിൽ
- തിരിച്ചറിയിൽ ഫോട്ടോകൾ ഇല്ലാത്ത 4000 വോട്ടർമാർ
- പല കുടുംബങ്ങളിൽ നിന്നുള്ള 46 പേർക്ക് ഒറ്റ വിലാസം
- 68 പേർക്ക് ഒരു വ്യവസായ സ്ഥാപനത്തിൻ്റെ വിലാസം
- ഫോം 6 ലിസ്റ്റിൽ 18 – 25 പ്രായവിഭാഗത്തിൽ ആരുമില്ല.