ദേശീയ ദിനാഘോഷ നിറവിൽ ഖത്തർ. ഐക്യമാണ് ശക്തിയുടെ ഉറവിടം എന്നതാണ് ഇത്തവണത്തെ ദേശീയ ദിന മുദ്രാവാക്യം. ലോകകപ്പ് ഫൈനൽ ദിനമായതിനാൽ ഇത്തവണ ദേശീയ ദിനം കൂടുതൽ വർണാഭമാണ്. ഖത്തറിലെ സ്വദേശികളും വിദേശികളും ആഘോഷ ലഹരിയിലാണ്.
വമ്പിച്ച ആഘോഷ പരിപാടികളാണ് കത്താറയിൽ ഉൾപ്പെടെ ഇത്തവണ ഒരുക്കിയിരിക്കുന്നത്. പരേഡുകൾ, എയർഷോകൾ, വെടിക്കെട്ട് പ്രദർശനം എന്നിവയാണ് ദേശീയ ദിനാഘോഷത്തിലെ പ്രധാന ഇനങ്ങൾ.
അർജന്റീന – ഫ്രാൻസ് ഫൈനൽ പോരാട്ടത്തിൽ കിരീടം ചൂടുന്ന ടീമുമായി ലുസെയ്ൽ ബൗലെവാർഡിൽ പരേഡും നടക്കും. ദേശീയ ദിനത്തിന്റെ ഭാഗമായുള്ള പ്രധാന എയർ ഷോ ഇന്ന് ഉച്ചയ്ക്ക് 3.15 മുതൽ 3.35 വരെ ലുസെയ്ൽ ബൗലെവാർഡിന്റെ ആകാശത്ത് നടക്കും.
കത്താറ കൾചറൽ വില്ലേജ്, എജ്യുക്കേഷൻ സിറ്റി ക്ലബ് ഹൗസ്, മാൾ ഓഫ് ഖത്തർ എന്നിവിടങ്ങളിലും വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ദേശീയ ദിനാഘോഷങ്ങളുടെ ഔദ്യോഗിക വേദിയായ ഉംസലാൽ മുഹമ്മദിലെ ദർബ് അൽ സായിയിലെ ആഘോഷങ്ങളോടെ ദേശീയ ദിന പരിപാടികൾക്ക് ഇന്ന് സമാപനമാകും.