കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലേക്ക് യുഡിഎഫ്. ഇന്ന് കൊച്ചിയിൽ ചേർന്ന യുഡിഎഫ് യോഗമാണ് നിയമാസഭാ തെരഞ്ഞെടുപ്പിലേക്ക് ഔദ്യോഗികമായി ഒരുങ്ങാൻ ധാരണയായത്. പിവി അൻവറിൻ്റെ തൃണമൂൽ കോൺഗ്രസിനേയും സികെ ജാനുവിനേയും വിഷ്ണുപുരം ചന്ദ്രശേഖരൻ്റെ കാമരാജ് കോൺഗ്രസിനേയും യുഡിഎഫിൽ അസോസിയേറ്റഡ് മെമ്പർമാരായി ചേർക്കാൻ തീരുമാനിച്ചു. യുഡിഎഫ് അടിത്തറ വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കക്ഷികളെ യുഡിഎഫിൽ അംഗമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് മുന്നോട്ട് വച്ച നിർദേശം ഘടകക്ഷികൾ അംഗീകരിച്ചു.
മാർച്ച് മാസത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്. ഈ സാഹചര്യത്തിൽ അടുത്ത മാസം തന്നെ മുന്നണിയിൽ സീറ്റുവിഭജനം ചർച്ച ചെയ്ത്. ഫെബ്രുവരിയിൽ സ്ഥാനാർത്ഥികളെ കളത്തിലിറക്കാനാണ് നിലവിൽ യുഡിഎഫിലെ തീരുമാനം. അടുത്ത മാസം 15-ന് ചേരുന്ന യുഡിഎഫ് യോഗത്തിൽ സീറ്റുവിഭജനം സംബന്ധിച്ച ചർച്ചകൾ ആരംഭിക്കും. മാർച്ചിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരും മുൻപ് 140 മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികളുടെ പട്ടിക തയ്യാറാക്കാനാണ് നേതൃത്വത്തിൻ്റെ തീരുമാനം.
തീവ്ര വോട്ടർ പരിഷ്കരണത്തിന് ശേഷം വോട്ടർപട്ടികയിൽ നിന്നും പുറത്തായ 25 ലക്ഷം പേരുടെ പട്ടിക സൂഷ്മപരിശോധനയ്ക്ക് വിധേയമാക്കണമെന്ന നിർദേശം ഇന്നു ചേർന്ന മുന്നണി യോഗത്തിലുണ്ടായി. കേരള കോൺഗ്രസ് മാണി വിഭാഗത്തെ മുന്നണിയിലെത്തിക്കാൻ കോൺഗ്രസും ലീഗും രഹസ്യ നീക്കം നടത്തും. ഇക്കാര്യത്തിൽ ജോസഫ് വിഭാഗത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.




