പുലിറ്റ്‌സര്‍ സമ്മാനം സ്വീകരിക്കാന്‍ ന്യൂയോർക്കിലേക്ക് യാത്ര തിരിച്ച ഫോട്ടോ ജേണലിസ്റ്റ് സന്ന ഇര്‍ഷാദ് മട്ടൂവിന് യാത്രാവിലക്ക്. വിസയും മറ്റ് അനുബന്ധ രേഖകളും ഉണ്ടായിട്ടും ന്യൂഡല്‍ഹി എയർപോർട്ടിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വിലക്കുകയായിരുന്നെന്ന് കാശ്മീരി മാധ്യമപ്രവര്‍ത്തക കൂടിയായ സന്ന ട്വീറ്ററിൽ കുറിച്ചു.
ഇന്ത്യയിലെ കോവിഡ് പ്രതിസന്ധിയുടെ നേര്‍ ചിത്രം പകര്‍ത്തിയതിനാണ് സന്നയ്ക്ക് പുലിറ്റ്‌സര്‍ ലഭിച്ചത്. സന്നയെ കൂടാതെ റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫർമാരായ അദ്‌നാല്‍ അബിദി, അമിത് ദവെ, മരണപ്പെട്ട ഡാനിഷ് സിദ്ദിഖി എന്നിവരാണ് ഇന്ത്യയില്‍ നിന്നുള്ള മറ്റ് പുലിറ്റ്‌സര്‍ ജേതാക്കള്‍.
ഇതിന് മുൻപും സന്നയുടെ വിദേശ യാത്രകള്‍ക്ക് അധികൃതര്‍ വിലക്കേർപ്പെടുത്തിയിരുന്നു. ജൂലൈ 2ന് ഡല്‍ഹിയില്‍ നിന്ന് പാരീസിലേക്കുള്ള യാത്രയും ഇത്തരത്തില്‍ വിലക്കിയിരുന്നതായി സന്ന വ്യക്തമാക്കി. ഫ്രഞ്ച് വിസയുണ്ടായിട്ടും ഡല്‍ഹി എയര്‍പോട്ടിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അന്ന് സന്നയ്ക്ക് രാജ്യം വിട്ട് പുറത്ത് പോകാനുള്ള അനുമതി നൽകിയിരുന്നില്ല. പാരീസില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങിലും 2020ലെ സെറന്‍ഡിപിറ്റി ആര്‍ലെസ് ഗ്രാന്റിന്റെ വിജയികളിലൊരാളുടെ ചിത്രപ്രദര്‍ശനത്തിനും വിശിഷ്ടാതിഥിയായി നിശ്ചയിച്ചിരുന്നത് സന്നയെയായിരുന്നു.