ദില്ലി: വിമാനത്തിന്റെ കോക്പിറ്റിൽ പെൺസുഹൃത്തിനെ കയറ്റി പൈലറ്റ് മദ്യവും ഭക്ഷണവും നൽകിയെന്ന് പരാതി. ദുബായ്–ദില്ലി എയർ ഇന്ത്യ വിമാനത്തിൽ ഫെബ്രുവരി 27നാണ് സംഭവം. വിമാനത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ക്രൂ അംഗമാണ് പൈലറ്റിനെതിരെ പരാതി നൽകിയത്. ക്യാബിൻ ക്രൂ നൽകിയ പരാതിയിൽ ഡിജിസിഎ അന്വേഷണം തുടങ്ങിയിട്ടുണ്ട്. നേരിട്ട് ഹാജരാകാൻ ജീവനക്കാർക്ക് ഡിജിസിഎ നിർദേശം നൽകി. സംഭവത്തിൽ എയർ ഇന്ത്യയും അന്വേഷണം ആരംഭിച്ചു.
മാർച്ച് മൂന്നിനാണ് എയർ ഇന്ത്യ പൈലറ്റിനെതിരെ ക്യാബിൻ ക്രൂവിൻ്റെ പരാതി ഡിജിസിഎയ്ക്കും എയർഇന്ത്യയ്ക്കും ലഭിച്ചു. റിപ്പോർട്ടിംഗ് സമയത്ത് എത്താതിരുന്ന പൈലറ്റ് യാത്രക്കാർക്കൊപ്പമാണ് വിമാനത്തിലേക്ക് കേറിയത്. പിന്നാലെ തൻ്റെ പെൺസുഹൃത്ത് ഇക്കോണമി ക്ലാസ്സിൽ യാത്ര ചെയ്യുന്നുണ്ടെന്നും അവരെ ബിസിനസ് ക്ലാസ്സിലേക്ക് മാറ്റണമെന്നും പൈലറ്റ് ക്യാബിൻ ക്രൂവിനോട് ആവശ്യപ്പെട്ടു.
എന്നാൽ ബിസിനസ് ക്ലാസ്സിൽ ഒഴിവില്ലാതെ വന്നതോടെ പെൺസുഹൃത്തിനെ കോക്ക് പിറ്റിലേക്ക് കൊണ്ടു വരാൻ പൈലറ്റ് ആവശ്യപ്പെട്ടു. സുഹൃത്തിന് ഇരുത്താൻ തലയിണകൾ എത്തിക്കാനും ഇയാൾ ആവശ്യപ്പെട്ടെന്ന് പരാതിയിൽ പറയുന്നു. സുഹൃത്തിന് മദ്യവും ഭക്ഷണവും നൽകാനും പൈലറ്റ് നിർദേശിച്ചു. എന്നാൽ കോക്ക് പിറ്റിൽ മദ്യം നൽകാൻ കഴിയില്ലെന്ന് ക്യാബിൻ ക്രൂ അറിയിച്ചതോടെ പൈലറ്റ് മോശമായി പെരുമാറിയെന്നും തീർത്തും അവഹേളിക്കുന്ന രീതിയിലായിരുന്നു പൈലറ്റിൻ്റെ പെരുമാറ്റമെന്നും പരാതിയിലുണ്ട്.
പൈലറ്റിൻ്റെ ഇടപെടലിനെ തുടർന്ന് മൂന്ന് മണിക്കൂറോളം യുവതി കോക്ക്പിറ്റിൽ ഇരുന്നുവെന്നാണ് വിവരം. സംഭവത്തിൽ പൈലറ്റ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചെന്ന വിലയിരുത്തലിലാണ് ഡിജിസിഎ. ചട്ടമനുസരിച്ച് പൈലറ്റിനെ കൂടാതെ ക്യാബിൻ ക്രൂവിന് മാത്രമാണ് കോക്ക്പിറ്റിൽ പ്രവേശിക്കാൻ അനുമതി. അതും ബ്രീത് അനലൈസർ ടെസ്റ്റ് നടത്തി വേണം കോക്ക് പിറ്റിൽ കടക്കാൻ.