ദില്ലി: കേരളത്തിലെ ആറ് റോഡ് പദ്ധതികളുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തി വയനാട് എംപി പ്രിയങ്ക ഗാന്ധി. ഇന്ന് ശൂന്യവേളയിൽ നടന്ന ചർച്ചയിൽ ചുരം റോഡുകളിലെ അരികുഭിത്തികളുടെ ബലമില്ലായ്മയെക്കുറിച്ച് പ്രിയങ്ക സംസാരിച്ചിരുന്നു.
ഇതിനിടെയാണ് തൻ്റെ മണ്ഡലത്തിലെ ചില റോഡ് പദ്ധതികളുമായി ബന്ധപ്പെട്ട് ചർച്ചയ്ക്ക് പ്രിയങ്ക സമയം തേടിയത്. ജൂൺ മുതൽ മന്ത്രിയെ കാണാൻ അവസരം തേടുന്നുണ്ടെന്ന് പ്രിയങ്ക പറഞ്ഞത് സഭയിൽ ചിരി പടർത്തി. ഇതോടെ ശൂന്യവേളയിൽ നടപടികൾക്ക് ശേഷം തന്നെ ഇപ്പോൾ തന്നെ പാർലമെൻ്റിലെ ഓഫീസിൽ വന്നു കാണമെന്ന് ഗഡ്കരി പ്രിയങ്കയോട് പറഞ്ഞു.
തുടർന്ന് കൂടിക്കാഴ്ചയിലാണ് കേരളത്തിലൂടെ കടന്നു പോകുന്ന ആറ് റോഡ് പദ്ധതികളിലേക്ക് പ്രിയങ്ക ഗഡ്കരിയുടെ ശ്രദ്ധ ക്ഷണിച്ചത്. എന്നാൽ ഈ പദ്ധതികളിൽ ചിലത് കേരള സർക്കാർ നേരിട്ടു നടത്തുന്നതാണെന്നും കേന്ദ്ര ചുമതലയിലുള്ള പദ്ധതികളിൽ ആവശ്യമായ നടപടി സ്വീകരിക്കാമെന്നും ഗഡ്കരി പ്രിയങ്കയെ അറിയിച്ചു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പി കേരളത്തിൽ കോണ്ഗ്രസ് അധികാരത്തിൽ വന്നാൽ ഈ പദ്ധതികളിൽ ആവശ്യമായ നടപടികൾ എടുക്കുമെന്ന് പ്രിയങ്ക ഗഡ്കരിയോട് പറഞ്ഞു




