ഗർഭിണിയായ യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കല്ലാർ സ്വദേശിനി ശരണ്യയെയാണ് തൂങ്ങിമരിച്ച നിലയിൽ സ്വന്തം വീട്ടിനുള്ളിൽ കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഒന്നരവർഷം മുൻപായിരുന്നു ശരണ്യയുടെ വിവാഹം. വിവാഹം കഴിഞ്ഞ് അധികം വൈകാതെ ഭർത്താവും ശരണ്യയും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. കഴിഞ്ഞ കുറച്ചു കാലമായി ശരണ്യ മാതാപിതാക്കൾക്കൊപ്പം സ്വന്തം വീട്ടിലായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന ശരണ്യ പുലർച്ചെ മറ്റൊരു മുറിയിലേക്ക് മാറി കിടന്നിരുന്നു. രാവിലെ ശരണ്യ മുറിക്ക് പുറത്തിറങ്ങാതിരുന്നതോടെ വീട്ടുകാർ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോൾ ആണ് ശരണ്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പുനലൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.