ഡൽഹി: ജന്ദർ മന്ദിറിലെ സമരവേദിയിലുണ്ടായ പൊലീസ് അതിക്രമത്തിനെതിരെ വൈകാരികമായി പ്രതികരിച്ച് ഗുസ്തി താരങ്ങൾ. മദ്യപിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥർ തങ്ങളെ മർദിച്ചെന്നാണ് സമരക്കാരുടെ ആരോപണം. പൊലീസുകാരുടെ പെരുമാറ്റം കുറ്റവാളികളോടെന്ന പോലെയായിരുന്നെന്ന് ഒളിമ്പ്യൻ വിനേഷ് ഫോഗട്ട് നിറകണ്ണുകളോടെ പറഞ്ഞു.
‘ഇതൊക്കെ കാണാനാണോ ഞങ്ങൾ രാജ്യത്തിന് വേണ്ടി മെഡലുകൾ നേടിയത്. കുറ്റവാളികളെ പോലെയാണ് പൊലീസ് ഞങ്ങളോട് പ്രതികരിച്ചത്.പുരുഷ പൊലീസുകാർ കൈയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തു’ വിനേഷ് ഫോഗട്ട് പ്രതികരിച്ചു.
തങ്ങൾക്ക് നൽകിയ എല്ലാ മെഡലുകളും തിരിച്ചെടുക്കണമെന്നും . സമരത്തിന് പിന്തുണയുമായി കൂടുതൽ പേർ ഡൽഹിയിലേക്ക് വരണമെന്നും സമരത്തിന് മേതൃത്വം നൽകുന്ന ഗുസ്തി താരം ബജ്രംഗ് പൂനിയ ആഹ്വാനം ചെയ്തു.
ഏപ്രിൽ 23നാണ് ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷനെതിരെ ഗുസ്തി താരങ്ങൾ സമരം ആരംഭിച്ചത്.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉൾപ്പെടെ ഏഴ് വനിതാ ഗുസ്തി താരങ്ങളാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. എന്നാൽ പരാതിയിൽ എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാത്ത സാഹചര്യത്തിലായിരുന്നു സമരത്തിലേക്ക് കടന്നത്.