കൊൽക്കത്ത: ട്രെയിൻ യാത്രയ്ക്കിടെ സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡൻ്റുമായ പി.കെ ശ്രീമതി കവർച്ചയ്ക്ക് ഇരയായി. ബീഹാറിലെ സമസ്തിപൂരിൽ മഹിളാ അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ പോകുമ്പോഴായിരുന്നു കവർച്ച.
രാത്രിയിൽ ഉറങ്ങുന്നതിനിടെയാണ് ശ്രീമതിയുടെ ബാഗ് മോഷ്ടിക്കപ്പെട്ടത്. ബാഗിൽ ഉണ്ടായ സ്വർണാഭരണങ്ങളും 40,000 രൂപയും മൊബൈൽ ഫോണും മറ്റ് രേഖകളുമാണ് നഷ്ടപ്പെട്ടത്. മഹിളാ അസോസിയേഷന്‍റെ ബിഹാർ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് പി കെ ശ്രീമതി കൊൽക്കത്തയിൽ നിന്ന് ട്രെയിനിൽ സമസ്തിപൂരിലേക്ക് വന്നത്.
ഉറങ്ങുമ്പോൾ തലയ്ക്ക് അടുത്തായാണ് ബാഗ് വച്ചതെന്നും എഴുന്നേറ്റ് നോക്കിയപ്പോൾ ആണ് ബാഗ് നഷ്ടപ്പെട്ടതെന്ന് മനസ്സിലായതെന്നും ശ്രീമതി പറഞ്ഞു. ബോഗിയിൽ യാത്ര ചെയ്ത പലരുടേതയും ബാഗുകളും പേഴ്സുകളും നഷ്ടപ്പെട്ടിരുന്നു. ചെയിൻ വലിച്ചെങ്കിലും ആരും വന്നില്ല. ടിടിയേയും കണ്ടില്ല. പിന്നിട് ഒരു പൊലീസുകാരനോട് കാര്യങ്ങൾ പറഞ്ഞെങ്കിലും വളരെ നിർജീവമായാണ് ഇടപെട്ടത്. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയും ഡിജിപിയെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് ഡിജിപി ഉൾപ്പെടെയുള്ളവർ ഇടപെട്ടു. ട്രെയിൻ ഇറങ്ങിയതിന് ശേഷം പരാതി നല്‍കി എന്നും പി കെ ശ്രീമതി പറഞ്ഞു.




