ശ്രീനഗർ: സമാധാനത്തിൻ്റെ പാതയിൽ പുതിയ ചുവടുവയ്പ്പായി കശ്മീരിൽ മുഹറം ഘോഷയാത്ര. 33 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കശ്മീരിൽ വീണ്ടും മുഹറം ഘോഷയാത്ര അരങ്ങേറുന്നത്. രക്തരൂക്ഷിതമായ 1990-കൾക്ക് മുൻപ് സമാധാനം നിറഞ്ഞ കശ്മീരിനെ ഓർമിപ്പിക്കുന്നതായിരുന്നു മുഹറം ഘോഷയാത്രയുടെ തിരിച്ചു വരവെന്ന് കശ്മീർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കശ്മീരിൽ തീവ്രവാദ സംഘടനകളുടെ സാന്നിധ്യം ശക്തമാക്കുകയും ഇന്ത്യൻ സുരക്ഷാ സേനകൾക്ക് നേരെ ആക്രമണം പതിവാക്കുകയും ചെയ്തതിന് പിന്നാലെയാണ് മുഹറം ഘോഷയാത്രയ്ക്ക് അനുമതി കിട്ടാതായത്.
കശ്മീർ വിഭജനത്തിന് ശേഷം മുഹറം ഘോഷയാത്ര പുനരാരംഭിക്കുന്നത് സംബന്ധിച്ച് പലതലത്തിൽ ചർച്ചകൾ നടന്നിരുന്നു. ഇക്കുറി ലെഫ് ഗവർണർ മനോജ് സിൻഹ ഷിയ മുസ്ലീം സംഘടനകളുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് മുഹറം ഘോഷയാത്രയ്ക്ക് അനുമതി നൽകിയത്.
ഇന്ന് പുലർച്ചെ ആറ് മണിയോടെ ആരംഭിച്ച ഘോഷയാത്രയിൽ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. 11 മണിയോടെ ഘോഷയാത്ര സമാധാനപരമായി അവസാനിച്ചു. ഘോഷയാത്ര തുടങ്ങുന്നതിനും രണ്ട് മണിക്കൂർ മുൻപേ പാതയിൽ സുരക്ഷാസേനകൾ നിലയുറപ്പിച്ചിരുന്നു. ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തുകയും മറ്റു ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതിനാൽ കൂടുതൽ ബുദ്ധിമുട്ടുകളുണ്ടായില്ല.
കാൽലക്ഷത്തിലേറെ പങ്കെടുത്ത പരിപാടി വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചെന്നും കശ്മീരിൻ്റെ സമാധാനപൂർണമായ ഭാവിയിലേക്കുള്ള വലിയ ചുവട് വയ്പ്പാണിതെന്നും സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു.