പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്‌ത് സെൻട്രൽ ഹാളിൽ രാഷ്ട്രപതി ഇന്ന് നയപ്രഖ്യാപനപ്രസംഗം നടത്തും. നാളെ ലോക്‌സഭയിൽ ധനമന്ത്രി നിർമലാ സീതാരാമൻ പൊതുബജറ്റ് അവതരിപ്പിക്കും.
ബജറ്റ് സമ്മേളനം ഈ വർഷം ഏപ്രിൽ 6 വരെ തുടരും. 66 ദിവസങ്ങളിലായി 27 സിറ്റിങ്ങുകളുണ്ടാകും. സമ്മേളനത്തിന്റെ ആദ്യഭാഗം ഫെബ്രുവരി 13 വരെ നീളും. ഡിപ്പാർട്ട്‌മെന്റുമായി ബന്ധപ്പെട്ട പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റികൾക്ക് ഗ്രാന്റുകൾക്കായുള്ള ആവശ്യങ്ങൾ പരിശോധിച്ച് അവരുടെ മന്ത്രാലയങ്ങളെയും വകുപ്പുകളെയും സംബന്ധിച്ച റിപ്പോർട്ടുകൾ തയ്യാറാക്കാൻ ഫെബ്രുവരി 14 മുതൽ മാർച്ച് 12 വരെ അവധി നൽകും. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗം മാർച്ച് 13 ന് ആരംഭിച്ച് ഏപ്രിൽ 6 വരെ തുടരും.
ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാർലമെന്റ് ഹൗസ് കോംപ്ലക്സിൽ ഇന്നലെ സർവകക്ഷി യോഗം ചേർന്നു. സർക്കാർ വിളിച്ച യോഗത്തിൽ കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, പ്രഹ്ലാദ് ജോഷി, പിയൂഷ് ഗോയൽ തുടങ്ങിയവർ പങ്കെടുത്തു. ലോക്‌സഭയുടെയും രാജ്യസഭയുടെയും സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സഹകരണം സർക്കാർ അഭ്യർഥിച്ചു.