ടെൽഅവീവ്: മധ്യപൂർവ്വദേശത്തെ രാഷ്ട്രീയം മാറ്റി മറിച്ചു കൊണ്ട് ഇസ്രയേലുമായി കൈ കോർത്ത് പാകിസ്ഥാൻ. ഇസ്രയേലുമായി ഉണ്ടാക്കിയ ധാരണ പ്രകാരം 20,000 പാകിസ്ഥാൻ സൈനികർ ഗാസയിൽ സമാധാന ദൌത്യത്തിനായി എത്തുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സി.ഐ.എയുടെ മധ്യസ്ഥതയിൽ മൊസാദ് പ്രതിനിധികളും പാകിസ്ഥാൻ സൈനിക മേധാവി അസീം മുനീറും തമ്മിൽ ഈ മാസമാദ്യം ഈജിപ്തിൽ നടത്തിയ ചർച്ചയിലാണ് പാകിസ്ഥാൻ ഗാസയിൽ ഇടപെടാൻ തീരുമാനിച്ചതെന്നാണ് വിവരം. സൈന്യത്തെ നൽകുന്നതിന് പകരമായി പാകിസ്ഥാന് സാമ്പത്തിക സഹായങ്ങളും കൂടുതൽ വായ്പകളും വാഗ്ദാനം ചെയ്യപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.
സൈന്യത്തെ ഗാസയിലേക്ക് വിടാമെന്ന് ഇന്തോനേഷ്യ നേരത്തെ തന്നെ പരസ്യമായി വാഗ്ദാനം ചെയ്തിരുന്നു. ദൌത്യത്തിൽ പങ്കാളിയാകാമെന്ന് അസർബൈജാനും അറിയിച്ചിരുന്നു. എന്നാൽ പാകിസ്ഥാൻ്റെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ല. ഇസ്രയേലുമായി പാകിസ്ഥാൻ നടത്തുന്ന ആദ്യ നയതന്ത്ര – സൈനിക സഹകരണമായിരിക്കും ഈ ദൗത്യം. ഇസ്രയേലിനെ ഇതുവരെ ഔദ്യോഗികമായി അംഗീകരിക്കാത്ത രാജ്യമാണ് പാകിസ്ഥാൻ.
യുദ്ധാനന്തര ഗാസയിൽ സമാധാനം ഉറപ്പാക്കാനും ഹമാസിനെ പൂർണമായി ഇല്ലാതാക്കാനുമായി ഒരു അന്താരാഷ്ട്ര സമാധാന സേന വരുമെന്നും, ഈ സേനയിൽ ഇന്തോനേഷ്യ, അസർബൈജാൻ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഒരു സൈനികരുണ്ടാവുമെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മലേഷ്യൻ സൈന്യം അന്താരാഷ്ട്ര സമാധാന സേനയുടെ ഭാഗമാകുമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
യുദ്ധത്തിൽ പൂർണമായി തകർന്ന ഗാസയിൽ സമാധാനം ഉറപ്പാക്കുക. പുനർനിർമ്മാണത്തിന് വേണ്ട സുരക്ഷ ഉറപ്പാക്കുക. എന്നിവയാണ് അന്താരാഷ്ട്ര സേനയുടെ ചുമതലകളെന്നാണ് ഗാസാ കരാറിൽ പറയുന്നതെങ്കിലും. പാകിസ്ഥാൻ സൈന്യത്തിൻ്റെ യഥാർത്ഥ ലക്ഷ്യം ഹമാസാണെന്നാണ് നയതന്ത്ര വിദഗ്ദ്ധർ പറയുന്നത്. ഗാസയിൽ അവശേഷിക്കുന്ന ഹമാസ് സാന്നിധ്യം കൂടി ഇല്ലാതാക്കുക എന്നതാവും പാക് സൈന്യത്തിനുള്ള രഹസ്യദൌത്യം. ഇതിനു വേണ്ട പിന്തുണ അവർക്ക് മൊസാദിൽ നിന്നും ലഭിക്കുകയും ചെയ്യും – സിഎൻഎൻ റിപ്പോർട്ടിൽ പറയുന്നു.
പാകിസ്ഥാൻ നൽകുന്ന സൈനിക സഹായത്തിന് പകരമായി ലോകബാങ്ക് വായ്പാ ഇളവ്, നിലവിലെടുത്ത വായ്പകളുടെ തിരിച്ചടവിന് കൂടുതൽ സാവകാശം, ഗൾഫിലെ ഇടനിലക്കാർ വഴി സാമ്പത്തിക സഹായം എന്നിങ്ങനെ നിരവധി വാഗ്ദാനങ്ങൾ അമേരിക്കയും, ഇസ്രയേലും പാക് സൈനിക മേധാവി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.





