ദില്ലി: പാക് വിമാനങ്ങൾക്കുള്ള വ്യോമപാത നിരോധനം ഇന്ത്യ തുടർച്ചയായി എട്ടാം മാസത്തിലും നീട്ടി. വ്യോമയാന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത നിരോധനം പാകിസ്ഥാൻ ഒരു മാസത്തേക്ക് കൂട്ടി നീട്ടിയതോടെയാണ് ഇന്ത്യയും നിരോധനം ഒരു മാസത്തേക്ക് നീട്ടിയത്.
പഹൽഗാം ആക്രമണം കഴിഞ്ഞ ശേഷം എട്ട് മാസമായി ഇരുരാജ്യങ്ങളും പരസ്പരം വ്യോമപാതാ നിരോധനം തുടരുകയാണ്. വ്യാഴാഴ്ച പാകിസ്ഥാൻ പുറത്തു വിട്ട നോട്ടീസ് ടു എയർമാൻ പ്രകാരം ഡിസംബർ 24 പുലർച്ചെ 5.29 വരെ ഇന്ത്യൻ വിമാനങ്ങളുടെ വ്യോമപാത നിരോധനം തുടരും. നിലവിലെ വിലക്ക് നവംബർ 24ന് അവസാനിക്കാനിരിക്കെയാണ് പുതിയ നോട്ടീസ് ടു എയർമാൻ പാകിസ്ഥാൻ പുറത്തിറക്കിയത്. തുടർന്ന് രണ്ട് ദിവസത്തിനുള്ളിൽ അതേ രീതിയിൽ ഇന്ത്യയും നിരോധനം നീട്ടുകയായിരുന്നു.
പാകിസ്ഥാൻ വിഷയത്തിൽ തീരുമാനം എടുത്തുവെന്നും ഇതിനാൽ തന്നെ സമാന തീരുമാനം ഇന്ത്യ എടുക്കുന്നതുമായാണ് വ്യോമയാന മന്ത്രാലയം വിശദമാക്കിയത്. നേരത്തെ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം രണ്ട് ദിവസം പാകിസ്ഥാൻ വ്യോമപാത അടച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയും ഇതേ ചുവട് സ്വീകരിച്ചിരുന്നു. വ്യോമ പാത ഇത്തരത്തിൽ അടച്ചിടുന്നത് വിമാനകമ്പനികൾക്കും രാജ്യത്തിനും ഏറെ നഷ്ടമുണ്ടാകുന്നുവെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്.




