കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മക്ക് ഇന്ന് ഒരാണ്ട്.ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ കൊത്തിവെച്ചിരിക്കുന്ന വാക്കുകളുണ്ട്
ഈ മനുഷ്യൻ നീതിമാനായിരുന്നു, അത് തന്നെയായിരുന്നു ചാണ്ടി സാറിന്റെ ജീവിതവും, അതിന് തെളിവാണ് മരണപ്പെട്ടു എന്ന വാർത്ത അറിഞ്ഞ്, ലോകത്തിന്റെ നാനാ ദിക്കുകളിൽ നിന്നും ആർത്തിരമ്പി വന്ന ജനസാഗരം. ചാണ്ടി സർ കൂടെ ഇല്ലെന്ന് പുതുപളളിക്കാരെ പോലെ പലർക്കും വിശ്വസിക്കാൻ കഴിയുന്നില്ല. ഒരു അപ്പനോട് സംസാരിക്കുന്ന പോലെ എന്ത് വിഷമവും ഓടിച്ചെന്ന് പറയാവുന്ന ഒരു ഇടമായിരുന്നു പലർക്കും കൂഞ്ഞൂഞ്ഞ്.ജനസമ്പർക്ക പരിപാടിയിലടക്കം കണ്ട ആൾക്കൂട്ടം അതിന് തെളിവായിരുന്നു. ഉമ്മൻചാണ്ടിയില്ലാത്ത കേരള രാഷ്ട്രീയവും ഒരുവർഷം പിന്നിടുകയാണ്. വിവിധ തരത്തിലുള്ള പരിപാടികൾ സംഘടിപ്പിച്ചുകൊണ്ടാണ് പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ നാട് ഓർമിക്കുന്നത്.
കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന ഉമ്മൻചാണ്ടി ഇപ്പോഴും നികത്താൻ ആകാത്ത വിടവായി നിലകൊള്ളുന്നു.ഓർമയായി ഒരു വർഷം എത്തുമ്പോഴും ഉമ്മൻചാണ്ടിയോടുള്ള ഹൃദയബന്ധം പുതുപ്പള്ളിക്ക് അവസാനിക്കുന്നില്ല. പുതുപ്പള്ളി പള്ളിയിലെ കല്ലറയിലേക്ക് ഒരുവർഷം പിന്നിടുമ്പോഴും ഒഴിയാത്ത ജന പ്രവാഹമാണ്. രാഷ്ട്രീയ വിവാദങ്ങളിലേക്ക് ഇടയ്ക്കൊന്ന് കടന്നെങ്കിലും നിത്യശാന്തതയുടെ ഇടമായി ഈ കല്ലറ മാറി. എല്ലാ ഞായറാഴ്ചയും സഹായം തേടി എത്തിയിരുന്നവർ ഇപ്പോഴും വരുന്നുണ്ട്. പലരും കല്ലറയിൽ ഒരു നിവേദനം വെച്ച ശേഷമാണ് എംഎൽഎയും ഉമ്മൻചാണ്ടിയിടെ മകനുമായ ചാണ്ടി ഉമ്മനെ കാണുന്നത്. ഉമ്മൻ ചാണ്ടിയുടെ ചരമ വാർഷികം പ്രമാണിച്ച് ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് തിരുവനന്തപുരം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ചിരിക്കുന്നത്.ജില്ലയിലെ 1546 വാർഡുകളിലാണ് ഉമ്മൻ ചാണ്ടി സ്‌നേഹസ്പർശം ജീവകാരുണ്യപദ്ധതി നടപ്പിലാക്കുന്നത്.
ഓരോ വാർഡിലെയും ഗുരുതര രോഗബാധിതരുള്ള 10 വീടുകൾ ഭവന സന്ദർശനത്തിലൂടെ കണ്ടെത്തി മതിയായ സഹായം ഒരാഴ്ചക്കാലം കൊണ്ട് എത്തിച്ചു നൽകും. കോൺഗ്രസ് വാർഡ് കമ്മിറ്റികൾ നേതൃത്വം നൽകും. രണ്ടാം ഘട്ടമായി ജില്ലയിലെ 182 കോൺഗ്രസ്സ് മണ്ഡലങ്ങളിലും മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും.ചില ബന്ധങ്ങൾ ഒരിക്കലും അവസാനിക്കില്ല എന്ന് പറയാറുണ്ട്. പുതുപ്പള്ളിയിലെ ഈ കല്ലറ ഓർമ്മിപ്പിക്കുന്നത് അതാണ്. പുതുപ്പള്ളി ഉമ്മൻചാണ്ടിയെയും. ഉമ്മൻചാണ്ടി പുതുപ്പള്ളിയെയും കൈവിടുന്നില്ല.