അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കാണാതായ അന്തര്‍വാഹിനിക്കായുള്ള തെരച്ചില്‍ ഇരട്ടിയായി വ്യാപിപ്പിച്ചു. അന്തര്‍ വാഹിനി കാണാതായ സ്ഥലത്ത് നിന്ന് വീണ്ടും ശബ്ദം കേട്ടതിനെ തുടര്‍ന്നാണ് തെരച്ചില്‍ വ്യാപിപ്പിച്ചത്. അതേസമയം 6 മണിക്കൂറില്‍ കുറഞ്ഞ സമയം മാത്രമാണ് ഇനി ഓക്‌സിജന്‍ ലഭിക്കാനുള്ള സാധ്യത. കാണാതായ ടൈറ്റന്‍ എന്ന അന്തര്‍ വാഹിനി കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് രക്ഷാ പ്രവര്‍ത്തകര്‍.
കടലിനടിത്തട്ടില്‍ നിന്ന് വീണ്ടും ശബ്ദം കേട്ടിട്ടുണ്ട്. പക്ഷെ കൃത്യമായി അത് എവിടെ നിന്നാണെന്ന് വ്യക്തമായിട്ടില്ലെന്ന് അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. കടലിന്റെ അടിത്തട്ട് നിരീക്ഷിക്കാനാവുന്ന തരത്തില്‍ ക്യാമറയോട് കൂടിയ, വിദൂര നിരീക്ഷണ റോബോര്‍ട്ടുകള്‍
തെരച്ചിലില്‍ വലിയ പ്രധാന്യമാണ് വഹിക്കുന്നത്.
ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന്റെ രണ്ട് മണിക്കൂറുകള്‍ക്ക് മുന്നെയാണ് അന്തര്‍വാഹിനിയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്. ഞായറാഴ്ചയാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ വിനോദ സഞ്ചാരികളുടെ സംഘം പുറപ്പെട്ടത്. മൂന്ന് ദിവസമായി തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. 96 മണിക്കൂര്‍ നേരത്തെക്കുള്ള ഓക്സിജനാണ് വാഹനത്തില്‍ ഉള്ളതായി കണക്കാക്കപ്പെടുന്നത്. ഒരു ദിവസത്തേക്ക് കൂടിയുള്ള ഓക്സിജന്‍ മാത്രമായിരിക്കും പേടകത്തില്‍ ഉണ്ടായിരിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബ്രിട്ടീഷ് വ്യവസായിയും ആക്ഷന്‍ ഏവിയേഷന്‍ കമ്പനിയുടെ ചെയര്‍മാനുമായ ഹാമിഷ് ഹാര്‍ഡിംഗ്, പാകിസ്ഥാനിലെ കറാച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എന്‍ഗ്രോ എന്ന ബഹുരാഷ്ട്ര കമ്പനിയുടെ വൈസ് ചെയര്‍മാന്‍ ഷഹ്സാദ ദാവൂദ്, മകന്‍ സുലൈമാന്‍, പേടകത്തിന്റെ പൈലറ്റും ഫ്രഞ്ച് പൗരനുമായ പോള്‍ ഹെന്റി നാര്‍സലേ, ഓഷന്‍ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഓയുമായ സ്റ്റോക്ടന്‍ റഷ് എന്നിവരാണ് അന്തര്‍വാഹിനയില്‍ ഉണ്ടായിരുന്നത്.
വടക്കന്‍ അറ്റ്‌ലാന്റിക്ക് സമുദ്രത്തിലെ ഇരുപതിനായിരം ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തായിട്ടാണ് സമുദ്രപേടകത്തിന് വേണ്ടിയുള്ള തെരച്ചില്‍ നടക്കുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 12500 അടി താഴെയായിട്ടാണ് 1912 ഏപ്രില്‍ കൂറ്റന്‍ മഞ്ഞുകട്ടയില്‍ ഇടിച്ച് തകര്‍ന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കിടക്കുന്നത്. നാല് ബുര്‍ജ് ഖലീഫ ടവറുകളേക്കാള്‍ ഉയരമാണിത്.
സമുദ്രപേടകത്തെ കണ്ടെത്താനായി അമേരിക്കന്‍ കോസ്റ്റ്ഗാര്‍ഡും കനേഡിയന്‍ നേവിയും രംഗത്തുണ്ടെങ്കിലും ദുര്‍ഘടമായ കാലവസ്ഥയിലും പ്രകൃതിയിലും തെരച്ചില്‍ വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. സമുദ്ര നിരപ്പില്‍ അല്‍പം താഴേക്ക് പോയാല്‍ തന്നെ കടുത്ത ഇരുട്ടായിരിക്കും. അസ്ഥി മരവിക്കുന്ന തണ്ണുപ്പും അനുഭവപ്പെടും. കടലിനടയില്‍ ടണ്കണക്കിന് ചളിയാണ് അടിഞ്ഞു കൂടി കിടക്കുന്നത്.ശക്തമായ തിരമാലകളില്‍ കപ്പലുകള്‍ക്ക് പോലും എളുപ്പത്തില്‍ നിലയുറപ്പിക്കാനാവില്ല സമുദ്രഗവേഷണ വിദഗ്ദ്ധന്‍ ടിം മാള്‍ട്ടിന്‍ വിശദീകരിക്കുന്നു.
സമുദ്രത്തില്‍ നാല് കിലോമീറ്റര്‍ താഴേക്ക് എത്തിയാല്‍ ഏതൊരു വസ്തുവിന്റേയും ഭാരം നാന്നൂറ് മടങ്ങായി വര്‍ധിക്കും. വളരെക്കുറച്ച് ജീവജാലങ്ങള്‍ക്ക് മാത്രമേ ഈ ആഴത്തില്‍ അതിജീവിക്കാന്‍ സാധിക്കൂ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഓക്‌സിജന്‍ ശേഖരം സംബന്ധിച്ച കണക്കുകളില്‍ തെറ്റുണ്ടെന്ന് യുഎസ് നേവിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന ഡെയ്ല്‍ മോള്‍ ചൂണ്ടിക്കാട്ടുന്നു. സമുദ്രത്തിന്റെ ആഴത്തിലേക്ക് പേടകം പോകുമ്പോള്‍ താപനില കുറയും. ഈ സമയത്ത് കൂടുതലായി ഓക്‌സിജന്‍ വേണ്ടി വരും. ശരീരം പുറത്തു വിടുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് വര്‍ധിക്കും എന്നതിനാല്‍ ശ്വാസതടസം നേരിടാനുള്ള സാധ്യതയും കൂടുതലാണ്.
ടൈറ്റന്‍ സമുദ്രോപരിതലത്തിലായാലും അന്തരീക്ഷ വായും അകത്തുള്ളവര്‍ക്ക് കിട്ടില്ല. 17 ബോള്‍ട്ടുകള്‍ ഉപയോഗിച്ച് അടച്ച ശേഷമാണ് പേടകം സമുദ്രത്തിലേക്ക് ഇറങ്ങുന്നത്. പുറത്ത് നിന്ന് മാത്രമേ ഇത് തുറക്കാനാവൂ. ഫലത്തില്‍ പേടകത്തില്‍ അവര്‍ കുടുങ്ങിക്കിടക്കുകയാണ്. സമുദ്രോപരിതലത്തില്‍ എത്തിയാലും അകത്തുള്ളവര്‍ ശ്വാസം മുട്ടി മരിക്കാന്‍ സാധ്യതയുണ്ട്.