അബുദാബി: ഇറാൻ അബുദാബിയിൽ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കൊല്ലപ്പെട്ടയാൾ ഏഷ്യൻ വംശജ്ഞനാണ് എന്നാണ് സൂചന. തകർന്ന മിസൈലിൻ്റെ അവശിഷ്ടങ്ങൾ താമസസ്ഥലത്ത് പതിച്ചാണ് അപകടം സംഭവിച്ചത് എന്നാണ് യുഎഇ വാർത്ത ഏജൻസിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പുതിയ സാഹചര്യം മുൻനിർത്തി മുൻകരുതൽ നടപടിയുടെ ഭാഗമായി യുഎഇ വ്യോമാതിർത്തി താൽക്കാലികമായി ഭാഗികമായി അടച്ചതിനാൽ ദുബായ് ഇന്റർനാഷണൽ (DXB), ദുബായ് വേൾഡ് സെൻട്രൽ – അൽ മക്തൂം ഇന്റർനാഷണൽ (DWC) എന്നിവിടങ്ങളിലെ ചില വിമാനങ്ങൾ റദ്ദാക്കുകയോ വൈകിപ്പിക്കുകയോ ചെയ്തതായി ദുബായ് വിമാനത്താവം അധികൃതർ അറിയിച്ചു.
അതേസമയം യുഎഇയിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ദേശീയ അടിയന്തര പ്രതിസന്ധിയും ദുരന്തനിവാരണ അതോറിറ്റിയും സ്ഥിരീകരിച്ചു. ഇറാനിയൻ മിസൈലുകൾ വിജയകരമായി തടഞ്ഞതായി യുഎഇ അറിയിച്ചു. ഇറാനിൽ നിന്നും ബാലിസ്റ്റിക് മിസൈൽ ആക്രമണം ഉണ്ടായെങ്കിലും അവയെ യുഎഇ മിസൈൽ സംവിധാനങ്ങൾ ഫലപ്രദമായി തടഞ്ഞുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
അതേസമയം രാജ്യത്തിനു നേരെയുള്ള മിസൈൽ ആക്രമണങ്ങളുടെ രണ്ടാം ഘട്ടവും ഖത്തർ വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം ഖത്തർ വ്യോമാതിർത്തി അടച്ചതിനാൽ ദോഹയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ശനിയാഴ്ച അറിയിച്ചു.
ദുരിതബാധിതരായ യാത്രക്കാരെ സഹായിക്കുന്നതിനായി സർക്കാർ പങ്കാളികളുമായും ബന്ധപ്പെട്ട അധികാരികളുമായും അടുത്ത് പ്രവർത്തിക്കുന്നുണ്ടെന്നും വ്യോമാതിർത്തി വീണ്ടും തുറക്കുമ്പോൾ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്നും എയർലൈൻ അറിയിച്ചു.
“സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചുകഴിഞ്ഞാൽ, ഞങ്ങളുടെ വിമാന ഷെഡ്യൂളിൽ കാലതാമസം പ്രതീക്ഷിക്കുന്നു. ദുരിതബാധിതരായ യാത്രക്കാരെ സഹായിക്കാൻ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും മറ്റ് പ്രധാന വിമാനത്താവളങ്ങളിലും കൂടുതൽ ഗ്രൗണ്ട് സ്റ്റാഫിനെ വിന്യസിച്ചിട്ടുണ്ട്,” ഖത്തറിന്റെ ദേശീയ വിമാനക്കമ്പനി പറഞ്ഞു.
അതേസമയം എയർ ഇന്ത്യ മിഡിൽ ഈസ്റ്റിലേക്കുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവച്ചു. ഇസ്രായേലും അമേരിക്കയും ഇറാനിൽ ആക്രമണം അഴിച്ചുവിട്ടതിനെത്തുടർന്നാണ് മിഡിൽ ഈസ്റ്റിലെ എല്ലാ സ്ഥലങ്ങളിലേക്കുമുള്ള വിമാന സർവീസുകൾ ശനിയാഴ്ച എയർ ഇന്ത്യ നിർത്തിവച്ചത്.
“മിഡിൽ ഈസ്റ്റിന്റെ ചില ഭാഗങ്ങളിൽ വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത്, മിഡിൽ ഈസ്റ്റിലെ എല്ലാ സ്ഥലങ്ങളിലേക്കുമുള്ള എല്ലാ എയർ ഇന്ത്യ വിമാനങ്ങളും നിർത്തിവച്ചിരിക്കുന്നു,” എന്ന് എയർലൈൻ എക്‌സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു.




