ഓണം പൈതൃകത്തനിമയോടെ ആഘോഷിക്കുകയാണ് മലയാളികൾ. കടല്‍ കടന്നെത്തുന്ന ഓണാഘോഷങ്ങൾക്ക് പ്രവാസലോകത്തും മാറ്റ് കുറയുന്നില്ല. തിരുവോണത്തെ വരവേല്‍ക്കാനുളള ഒരുക്കങ്ങൾ പ്രവാസികൾ ദിവസങ്ങൾക്കുമുമ്പേ ആരംഭിച്ചിരുന്നു.
മനസ്സില്‍ ഗൃഹാതുരത പെയ്യുന്നുണ്ടെങ്കിലും നാട്ടിലെ ഓണം വിദേശത്തെത്തുമ്പോൾ നിറം കൂടുകയാണെന്ന് പ്രവാസികൾ പറയുന്നു. മലയാളിയ്ക്കൊപ്പം ആഘോഷങ്ങളെ ഏറ്റെടുക്കാന്‍ നിരവധി ആളുകൾ എത്തുന്നു. കൊയ്ത്തു കഴിഞ്ഞ വയലോരവും നിറപറയും വിരുന്നെത്തുന്ന പൂത്തുമ്പിയും അന്യമാണെങ്കിലും സന്തോഷത്തിന്‍റെ ഓണവെയിലും ഓണനിലാവും പ്രവാസ ലോകത്തും പ്രകടമാണ്. നാട്ടോണത്തെ വെല്ലുംവിധം ആഘോഷങ്ങൾക്ക് കൊഴുപ്പേകാനാണ് ഓരോ മലയാളിയുടേയും യത്നം.
ഓണത്തിനായുളള ഒത്തുകൂടലില്‍ മലയാളിക്കൊപ്പം എല്ലാരാജ്യക്കാരും അണിനിരക്കുന്നതാണ് പ്രത്യേകത. സദ്യയുണ്ണാന്‍ ആഫ്രിക്കക്കാരനും അമേരിക്കക്കാരനും മലയാളിക്കൊപ്പം കൂടും. ഉപ്പേരിയും പപ്പടവും കണ്ട് വിസ്മയം കൊള്ളും. ചിലര്‍ കസവുമുണ്ടുടുത്ത് മലയാളിയാകാനുളള ശ്രമം നടത്തും. ആഘോഷമല്ലെ.. മാലോകരെല്ലാം ഒന്നുപോലെ എന്നാണല്ലോ ചൊല്ല്.
ഓണത്തിന്‍റെ വരവരിയിച്ച് ഓണച്ചന്തകളെത്തുന്നതോടെയാണ് പ്രവാസലോകത്തെ ഒരുക്കങ്ങൾ ആരംഭിക്കുക. പൂക്കളമിടാന്‍ പൂക്കളുമെത്തും. സദ്യയുണ്ണാന്‍ തൂശനിലയും എത്തിക്കും. ഓണക്കോടികളും തയ്യാര്‍.. സദ്യവട്ടങ്ങൾ വീട്ടിലൊരുക്കാന്‍ കഴിയാത്തവര്‍ക്ക് അതി വിശാലമായ ഇന്‍സ്റ്റന്‍റ് സദ്യകളും തയ്യാര്‍. ഹോട്ടലുകളില്‍ പ്രത്യേക ബുക്കിംഗും പാഴ്സല്‍ സര്‍വ്വീസുകളും. സദ്യ കെങ്കേമമാക്കാന്‍ പലതരം പാസയങ്ങളും. വിഭവങ്ങളുടെ എണ്ണം പെരുകുന്നതിനനുസരിച്ച് സദ്യയുടെ വിലമാറുമെന്ന് മാത്രം. എങ്കിലും മനസ്സുനിറയെ ഓണമുണ്ണാന്‍ മലയാളി തയ്യാറാകും.
ഓണക്കളികളും ഒഴിവാക്കാനാകില്ലല്ലൊ. ഒത്തുകൂടാന്‍ സൗകര്യം കിട്ടോമ്പോഴൊക്കെ ഓണാഘോഷങ്ങൾ സംഘടിപ്പിക്കുന്നതാണ് ഗൾഫിലെ പതിവ്. ചിങ്ങത്തില്‍ തുടങ്ങുന്ന ആഘോഷങ്ങൾ വൃശ്ചികം കഴിഞ്ഞാലും തുടരും. പത്തുനാൾകൊണ്ട് അവസാനിക്കുന്നതല്ല പ്രവാസികളുടെ ഓണവും ഓണാഘോഷങ്ങളും എന്നതാണ് ഗൾഫോണത്തെ വെത്യസ്ത്യമാക്കുന്നത്. എങ്കിലും തിരുവോണം ഒന്നല്ലേയുളളൂ. ലോകത്തെവിടെയായാലും പകരം വയ്ക്കാനാവില്ലല്ലോ..