നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് ശേഷം പിടിയിലായവരെ രാജ്യത്തുനിന്ന് നാടുകടത്തിയാൽ കുവൈറ്റിലേക്ക് ഇനി തിരികെ പ്രവേശിക്കാനാകില്ല. ഇത്തരത്തിൽ വ്യാജരേഖകൾ ചമച്ച് രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാൻ വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അഞ്ഞൂറിലേറെ പ്രവാസികൾ ഇതിനോടകം നാടുകടത്തപ്പെട്ടിട്ടുണ്ട്. കൂടാതെ അനധികൃത പ്രവേശനം കഴിഞ്ഞ വര്‍ഷം തടഞ്ഞതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് രാജ്യത്തേക്ക് മടങ്ങിവരാന്‍ ശ്രമിച്ചവരെയാണ് വിമാനത്താവളത്തില്‍ വച്ച് തടഞ്ഞത്. അതേസമയം പ്രവേശനം നിഷേധിച്ചവരില്‍ 120 പേർ സ്ത്രീകളാണ്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ക്രിമിനല്‍ എവിഡന്‍സ് വിഭാഗത്തിൽ നാടുകടത്തിയവരുടെ വിരലടയാളങ്ങളും മറ്റു വിവരങ്ങളും ശേഖരിച്ചുവെക്കുന്നുണ്ട്. ഇത്തരക്കാർ വ്യാജ പാസ്‌പോർട്ടുകളിലും പേരുകളിലും രാജ്യത്തേക്ക് പ്രവേശിച്ചാൽ ഫിംഗർ പ്രിന്റിങ് ഉപകരണങ്ങൾ വഴി കണ്ടെത്താൻ കഴിയുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
2011ലാണ് വിമാനത്താവളത്തിൽ വ്യാജന്മാരെ കണ്ടെത്താൻ വിരലടയാള ഉപകരണങ്ങൾ സ്ഥാപിച്ചത്. രാജ്യത്തേക്ക് പ്രവേശിക്കുന്നവരുടെ വിരലടയാളം എടുക്കുന്നതോടെ വ്യക്തിയുടെ പൂര്‍ണ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ തെളിയുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കൂടാതെ മദ്യനിർമാണം, വിസ കാലാവധി കഴിഞ്ഞവര്‍, കുവൈത്ത് നിയമങ്ങൾ പാലിക്കാതിരിക്കൽ, മയക്കുമരുന്ന് ഉപയോഗം, അടിപിടി, മോഷണം, തുടങ്ങിയ വിവിധ നിയമലംഘനങ്ങളില്‍ പിടിക്കപ്പെട്ട പ്രവാസികളെയാണ് നാടുകടത്തുന്നത്.