മഞ്ചേരി: മലപ്പുറം കാരാപറമ്പിൽ പ്രവർത്തിച്ചിരുന്ന ഗ്രീൻവാലി അക്കാദമി എൻ.ഐ.എ. കണ്ടുകെട്ടി. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പരിശീലന കേന്ദ്രമാണ് ഗ്രീൻവാലിയെന്നും കൊലക്കേസ് പ്രതികൾക്ക് അടക്കകം ഇവിടെ അഭയം നൽകിയിരുന്നുവെന്നും എൻ.ഐ.എ പറയുന്നു. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ സ്ഥാപനത്തിലെത്തിയ എൻ.ഐ.എ. സംഘം വസ്തുവകകൾ പിടിച്ചെടുക്കുന്നതിനുള്ള നോട്ടീസ് പതിച്ചു. കൊച്ചി യൂണിറ്റിൽനിന്നുള്ള ചീഫ് ഇൻസ്പെക്ടർ ഉമേഷ് റായിയുടെ നേതൃത്വത്തിലാണ് ഈ നടപടി.
ഗ്രീൻവാലി ഫൗണ്ടേഷന്റെ ഉടമസ്ഥതയിൽ മഞ്ചേരിയിൽ സ്ഥിതി ചെയ്യുന്നതാണ് ഗ്രീൻവാലി അക്കാദമി. പോപ്പുലർ ഫ്രണ്ടിൻ്റെ മുൻരൂപമായ നാഷണൽ ഡെവലപ്മെൻ്റ് ഫ്രണ്ടിൻ്റെ നേതാക്കളുടെ പേരിലായിരുന്നു ആദ്യം ഈ സ്ഥലം. പിന്നീട് പിഎഫ്ഐയുടെ നിയന്ത്രണത്തിലായി. ആയുധപരിശീലനവും, കായിക പരീശീലനവും കൂടാതെ, സ്ഫോടകവസ്തുക്കൾ ഉപയോഗിക്കുന്നതിനുള്ള പരീശീലനവും ക്ലാസുകളും പിഎഫ്ഐ പ്രവർത്തകർക്ക് ഇവിടെ കിട്ടിയിരുന്നു എന്നാണ് എൻഐഎ പറയുന്നു. ഇതുകൂടാതെ കൊലക്കേസ് പ്രതികളെ ഒളിപ്പിക്കാനും ഈ സ്ഥലം പിഎഫ്ഐ ഉപയോഗിച്ചിരുന്നു.
പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷം സംസ്ഥാനത്ത് എൻഐഎ ജപ്തി ചെയ്യുന്ന 18-ാമത്തെ കെട്ടിട്ടവും ഭൂമിയുമാണ് ഇത്. പിഎഫ്ഐയുടെ ആറ് ആയുധപരിശീലന കേന്ദ്രങ്ങളും എൻഐഎ കണ്ടുകെട്ടിയിട്ടുണ്ട്. മലബാർ ഹൗസ്, പെരിയാർ വാലി, വള്ളുവനാട് ഹൗസ്, കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ്, ട്രിവാൻഡ്രം എഡ്യുക്കേഷൻ ആൻഡ് സർവീസ് ട്രസ്റ്റ് എന്നിവയാണ് നേരത്തെ എൻഐഎ കണ്ടുകെട്ടിയ പിഎഫ്ഐ കേന്ദ്രങ്ങൾ.