മുംബൈ: രാജ്യത്ത് മുസ്ലീവിരുദ്ധ വികാരം മുൻപിലാത്ത വിധം ശക്തമെന്ന് നടൻ നസറുദ്ദീൻ ഷാ. നിഷ്പക്ഷരായ മനുഷ്യരിലേക്ക് പോലും ചിലർ സമർത്ഥമായി മുസ്ലീം വിരുദ്ധത കുത്തിനിറയ്ക്കുകയാണെന്നും വിദ്യാഭ്യാസമുള്ളവർക്കിടയിൽ പോലും മുസ്ലീം വിരോധം ഒരു ഫാഷനായി മാറിക്കഴിഞ്ഞെന്നും അങ്ങേയറ്റം ഭയക്കേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്നും ഇന്ത്യൻ എക്സ്പ്രസ്സ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞു.
നസറുദ്ദീൻ ഷായുടെ വാക്കുകൾ –
“തികച്ചും ആശങ്കാജനകമായ സമയമാണ് ഇപ്പോൾ. ഒരു മറയുമില്ലാതെയാണ് വിദ്വേഷ പ്രചരണം നടത്തുന്നത്. ഇതൊക്കെ ഈ കാലഘട്ടത്തിൻ്റെ കൂടി പ്രതിഫലനമാണ്. വിദ്യാഭ്യാസമുള്ളവർക്കിടയിൽ പോലും മുസ്ലീം വിദ്വേഷം ഇന്നത്തെ കാലത്ത് ഫാഷനാണ്. ഭരിക്കുന്ന പാർട്ടി ഇത് സമർത്ഥമായി ആളുകളിൽ എത്തിക്കുകയും ചെയ്യുന്നുണ്ട്. ഞങ്ങൾ മതനിരപേക്ഷതയെക്കുറിച്ചാണ് സംസാരിക്കുന്നത്, ജനാധിപത്യത്തെക്കുറിച്ചാണ് എന്നൊക്കെ അവർ പറയും എന്നാൽ പിന്നെ എന്തിനാണ് നിങ്ങൾ എല്ലാത്തിലും മതം കൊണ്ടുവരുന്നത്?”
സിനിമ സ്ക്രീനിൽ നിങ്ങൾ കാണുന്നത് സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളുടെ പ്രതിഫലനമാണ്. ഇസ്ലാമിക വിരുദ്ധത പറഞ്ഞ് വോട്ട് പിടിക്കാനുള്ള ശ്രമം നാം സമൂഹത്തിൽ കാണുന്നുണ്ട്. അതേ പോലെ ഇസ്ലാം വിരുദ്ധത അജണ്ടയാക്കി സിനിമ ഹിറ്റാക്കാൻ ഒരു കൂട്ടർ സ്ക്രീനിലും ശ്രമിക്കുന്നു.
പച്ചയ്ക്ക് മതം പറഞ്ഞും മതവിദ്വേഷം പറഞ്ഞും രാഷ്ട്രീയക്കാർ ഇവിടെ വോട്ട് പിടിക്കുന്നു. നമ്മുടെ തിരഞ്ഞെടുപ്പ് കമ്മീഷൻ എത്ര നട്ടെല്ല് ഇല്ലാത്തവരാണ് ? ഒരു വാക്ക് പോലും പറയാൻ അവർക്ക് ധൈര്യമില്ല. ‘അല്ലാഹു അക്ബർ ബോൽ കേ ബട്ടൺ ദബാവോ’(അല്ലാഹു അക്ബർ എന്ന് വിളിച്ച് വോട്ട് ചെയ്യു) എന്ന് പറഞ്ഞ ഒരു മുസ്ലീം നേതാവുണ്ടായിരുന്നെങ്കിൽ എന്താകുമായിരുന്നു. പക്ഷേ ഇവിടെ നമ്മുടെ പ്രധാനമന്ത്രി ഇങ്ങനെയൊക്കെ പറഞ്ഞു മുന്നോട്ടു വന്നു. എന്നിട്ടും തോറ്റു.
മതം പറഞ്ഞ് മനുഷ്യരെ ഭിന്നിപ്പിക്കുന്ന ഈ രീതി എല്ലാക്കാലത്തേക്കുമായി നിലനിൽക്കുമെന്ന് ഞാൻ കരുതുന്നില്ല. എല്ലാക്കാലത്തേക്കും എല്ലാവരിലും വെറുപ്പ് നിറയ്ക്കാനാവില്ല. അതിനാൽ, ഈ ഭിന്നിപ്പ് അവസാനിക്കുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്. തീർച്ചയായും ഈ ഭിന്നിപ്പ് അതിൻറെ ഏറ്റവും ഉയർന്ന അവസ്ഥയിലാണ് ഇപ്പോൾ ഉള്ളത്. ഈ സർക്കാർ വളരെ സമർത്ഥമായി കളിച്ചുണ്ടാക്കിയതാണ് അത്, അതിൽ നിന്നും അവരേറെ നേട്ടമുണ്ടാക്കി. പക്ഷേ ഇനിയും എത്രകാലം കൂടി അവർക്ക് ഇതേ കളി കളിക്കാനാവും എന്ന് നോക്കാം.





