ദില്ലി: 195 ലോക്സഭാ സീറ്റുകളിലേക്കുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തു വന്നപ്പോൾ ശ്രദ്ധേയമായത് തീപ്പൊരി നേതാക്കളുടെ അസാന്നിധ്യം. കഴിഞ്ഞ വർഷങ്ങളിൽ വിദ്വേഷ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധ നേടിയ പല നേതാക്കളുടേയും പേര് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ഇല്ല. ബിജെപിയുടെ 195 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയിൽ 33 സിറ്റിംഗ് എംപിമാർ ഇടം നേടിയിട്ടില്ല.
തീപ്പൊരി നേതാവ് പ്രജ്ഞാ താക്കൂർ, ഡൽഹിയിൽ നിന്നുള്ള സിറ്റിംഗ് എംപിമാരായ പർവേഷ് സാഹിബ് സിംഗ് വർമ, രമേഷ് ബിധുരി എന്നിങ്ങനെ പലരും പാർലമെൻ്റിനകത്തും പുറത്തും വിവാദ പരാമർശങ്ങളുടെ പേരിൽ ഇടം നേടിയ നേതാക്കൾക്കാണ് ഇക്കുറി സീറ്റ് കിട്ടാതെ പോയത്. ഇക്കുറി തെരഞ്ഞെടുപ്പിൽ സംയുക്ത പ്രതിപക്ഷത്തെ നേരിടുന്ന എൻഡിഎയും ബിജെപിയും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന സൂചനയാണ് ഇതിലൂടെ കിട്ടുന്നത്.
ഭോപ്പാലിൽ പ്രഗ്യാ ഠാക്കൂറിന് പകരം അലോക് ശർമ്മയെ ആണ് ബി.ജെ.പി ഇക്കുറി മത്സരത്തിന് ഇറക്കുന്നത്. 2008ലെ മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയായ പ്രഗ്യയെ ബിജെപി കഴിഞ്ഞ തവണ ലോക്സഭയിലേക്ക് മത്സരിപ്പിച്ചത് തന്നെ വലിയ വിവാദങ്ങൾക്ക് വഴി തുറന്നിരുന്നു. പിന്നീടുള്ള അഞ്ച് വർഷങ്ങളിൽ നിരവധി വിവാദങ്ങളിൽ അവർ ചെന്നു ചാടി.
ആരോഗ്യപരമായ കാരണങ്ങളാൽ ജാമ്യത്തിലിറങ്ങിയ പ്രഗ്യാ സിംഗ് ഠാക്കൂർ കബഡി കളിക്കുന്നതും ഗാർബ നൃത്തം ചെയ്യുന്നതും പിന്നീട് കണ്ടു. മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്ന നാഥുറാം ഗോഡ്‌സെയെ “രാജ്യസ്‌നേഹി” എന്ന് വിളിച്ച പ്രഗ്യയുടെ നടപടി ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു.
ഈ പരാമർശത്തിനെതിരെ രൂക്ഷമായ പ്രതികരണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ന് നടത്തിയത്. “ഗാന്ധിജിയെക്കുറിച്ചോ നാഥുറാം ഗോഡ്‌സെയെക്കുറിച്ചോ നടത്തിയ പരാമർശങ്ങൾ വളരെ മോശവും സമൂഹത്തിന് വളരെ തെറ്റായതുമാണ്. അവർ (പ്രഗ്യ) മാപ്പ് ചോദിച്ചിട്ടുണ്ട്, പക്ഷേ എനിക്ക് ഒരിക്കലും അവരോട് പൂർണ്ണമായും ക്ഷമിക്കാൻ കഴിയില്ല,” വിവാദ പ്രസ്താവനയോട് പ്രതികരിച്ച് കൊണ്ട് മോദി പറഞ്ഞു. എന്തായാലും ഇക്കുറി സീറ്റ് നഷ്ടപ്പെടതോടെ പ്രധാനമന്ത്രിക്ക് പ്രഗ്യയോടുള്ള അപ്രീതി ഇപ്പോഴും മാറിയില്ലെന്ന് വ്യക്തം.
2008ലെ ഭീകരാക്രമണത്തിനിടെ മരിച്ച മുംബൈ എടിഎസ് മുൻ മേധാവി ഹേമന്ത് കർക്കരെയെക്കുറിച്ചും ഠാക്കൂർ വിവാദപരാമർശം നടത്തിയിരുന്നു. തൻ്റെ “ശാപം” കൊണ്ടാണ് അവൻ കൊല്ലപ്പെട്ടതെന്നാണ് അവർ പറഞ്ഞത്. പ്രസ്താവനകൾ കൊണ്ട് തീപ്പൊരിയാണെങ്കിലും സ്വന്തം മണ്ഡലത്തിൽ പ്രഗ്യ തീരെ സജീവമായിരുന്നില്ലെന്ന് ചില പാർട്ടി നേതാക്കളും ചൂണ്ടിക്കാട്ടുന്നു.
പടിഞ്ഞാറൻ ഡൽഹി എംപി പർവേഷ് സാഹിബ് സിംഗ് വർമയാണ് ബിജെപി ലിസ്റ്റിൽ നിന്നും അപ്രതീക്ഷിതമായി പുറത്താക്കപ്പെട്ട മറ്റൊരാൾ. രണ്ട് തവണ എംപിയായ പർവേഷ് സാഹിബ് മുൻ മുഖ്യമന്ത്രിയായിരുന്ന സാഹിബ് സിംഗ് വർമ്മയുടെ മകനുമാണ്. അണികളുടെ പിന്തുണയുണ്ടായിരുന്നുവെങ്കിലും പ്രകോപനപരമായ പരാമർശങ്ങളുടെ പേരിൽ 46 കാരനായ നേതാവ് സ്ഥിരമായി വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.
2020ലെ ഡൽഹി തിരഞ്ഞെടുപ്പിന് മുന്നോടിയായി ഷഹീൻ ബാഗ് പ്രതിഷേധത്തിനിടെ വിവാദ പരാമർശങ്ങൾ നടത്തിയ വർമ ദേശീയ തലസ്ഥാനത്ത് ബിജെപി അധികാരത്തിൽ വന്നാൽ ഒരു മണിക്കൂറിനുള്ളിൽ പ്രതിഷേധക്കാരെ നീക്കം ചെയ്യുമെന്ന് പറഞ്ഞിരുന്നു.
2022-ൽ, ഇത്തവണ മുസ്ലീങ്ങൾക്കെതിരെ ബഹിഷ്‌കരണ ആഹ്വാനവും അദ്ദേഹം നടത്തിയിരുന്നു.”നിങ്ങൾ അവരെ എവിടെ കണ്ടാലും, നിങ്ങൾക്ക് അവരുടെ തല ശരിയാക്കണമെങ്കിൽ, അവരെ നേരെയാക്കണമെങ്കിൽ, സമ്പൂർണ്ണ ബഹിഷ്കരണമാണ് ഏക പ്രതിവിധി, നിങ്ങൾ സമ്മതിക്കുകയാണെങ്കിൽ കൈ ഉയർത്തുക,” ബിജെപി എംപി പറഞ്ഞു.
ദക്ഷിണ ഡൽഹി എംപി രമേഷ് ബിധുരിയാണ് പരാമർശങ്ങളുടെ പേരിൽ വെട്ടിലായ മറ്റൊരു എംപി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ലോക്‌സഭയിൽ നടന്ന ചർച്ചയ്ക്കിടെ ബിധുരി അംറോഹ എംപി ഡാനിഷ് അലിക്കെതിരെ ഇസ്‌ലാമോഫോബിക് അധിക്ഷേപങ്ങൾ നടത്തിയത് വലിയ വിവാദമായിരുന്നു. അപകീർത്തികരമായ പരാമർശങ്ങൾ ക്യാമറയിൽ പതിഞ്ഞതും വലിയ വിവാദത്തിന് കാരണമായി. സൗത്ത് ഡൽഹി എംപി പിന്നീട് ക്ഷമാപണം നടത്തിയെങ്കിലും വീണ്ടും സീറ്റുറപ്പിക്കാൻ അതു മതിയായില്ല.
മീനാക്ഷി ലേഖി, ഹർഷ് വർധൻ തുടങ്ങി സീനിയർ നേതാക്കളും ഇക്കുറി സീറ്റ് നിഷേധിക്കപ്പെട്ട പ്രമുഖ നേതാക്കളിൽ ഉൾപ്പെടുന്നു. 2019ലെ തിരഞ്ഞെടുപ്പിൽ രാജ്യതലസ്ഥാനത്ത് എല്ലാ സീറ്റും നേടിയ ബിജെപി ഇത്തവണ സംയുക്ത പ്രതിപക്ഷസഖ്യത്തേയാണ് അവിടെ നേരിടുന്നത്. എഎപി നാല് സീറ്റിൽ മത്സരിക്കുമ്പോൾ കോൺഗ്രസ് മൂന്നിടത്താണ് മത്സരിക്കുന്നത്. അന്തരിച്ച ബിജെപി നേതാവ് അന്തരിച്ച സുഷമ സ്വരാജിൻ്റെ മകളും അഭിഭാഷകയുമായ ബൻസൂരി ന്യൂഡൽഹിയിൽ നിന്നും ഇക്കുറി ജനവിധി തേടുന്നുണ്ട്.
സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുമ്പോൾ വിവിധ ഘടകങ്ങൾ പരിഗണിച്ചിരുന്നതായി ബിജെപി വൃത്തങ്ങൾ പറഞ്ഞു. “വിജയം വളരെ പ്രധാനമാണ്. പല എംപിമാരും അവരുടെ മണ്ഡലങ്ങളിൽ ജനപ്രീതിയില്ലാത്തവരാണെന്ന് പാർട്ടിയുടെ സർവേയിൽ കണ്ടെത്തിയിരുന്നു” ഒരു പാർട്ടി നേതാവ് പറഞ്ഞു.
എന്നാൽ, പ്രജ്ഞാ താക്കൂർ, രമേഷ് ബിധുരി, പർവേഷ് വർമ തുടങ്ങിയ നേതാക്കൾ പ്രകോപനപരമായ പ്രസ്താവനകളിലൂടെ പാർട്ടിയെ നാണംകെടുത്തി എന്നതിൽ ആർക്കും രണ്ട് അഭിപ്രായമില്ല. അവർക്ക് ടിക്കറ്റ് നിഷേധിക്കുന്നതിലൂടെ പൊതുജീവിതത്തിൽ മര്യാദ നിലനിർത്തേണ്ടതുണ്ടെന്ന സന്ദേശവും പാർട്ടി നൽകുന്നു. വിവാദ പ്രസ്താവനകൾ നടത്തരുതെന്ന് പ്രധാനമന്ത്രി പലതവണ പാർട്ടി നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു,” ബിജെപി നേതാവ് കൂട്ടിച്ചേർത്തു.